ശബരിമലയിലെ സ്പോട്ട് ബുക്കിംഗിൽ ഇളവ് ; സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന് ഹൈക്കോടതി
കൊച്ചി : വൻതിരക്ക് കാരണം ശബരിമലയിലെ സ്പോട്ട് ബുക്കിംഗിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗിൽ എത്ര പേർക്ക് അനുമതി നൽകണമെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്റർക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സ്പോട്ട് ബുക്കിംഗ് എത്ര വേണമെന്നത് ഓരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നീർദ്ദേശം നൽകിയിരിക്കുന്നത്.
സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിലാണ് സാഹചര്യം അനുസരിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർക്കും സന്നിധാനത്തെ ചുമതലയുള്ള എ.ഡി.ജി.പിക്കും ആവശ്യമനുസരിച്ച് തീരുമാനം എടുക്കാമെന്ന് ഹൈക്കോടി ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചത്. മണ്ഡലകാലത്ത് എല്ലാ ദിവസവും തിരക്ക് ഒരുപോലെയല്ലെന്ന ദേവസ്വം ബോർഡിന്റെ വാദം പരിഗണിച്ചാണ് ഇളവ്,
സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5000 ആയി നിജപ്പെടുത്തിയതോടെ ശബരിമലയിലെ തിരക്ക് കുറഞ്ഞിരുന്നു. നിലവിൽ ഓൺലൈൻ ബുക്കിംഗ് വഴി 70000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5000. പേരെയുമാണ് കയറ്റിവിടുന്നത്. നിലവിൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് നിറുത്തിവച്ചിരിക്കുകയാണ്. നിലയ്ക്കലാണ് സ്പോട്ട് ബുക്കിംഗ് ഉള്ളത്.