കേരളത്തിലെ ഈ ജില്ലയിൽ വരുന്നത് വൻവികസനക്കുതിപ്പ്, നിർണായക ഉത്തരവ് പുറത്തിറക്കി കേന്ദ്ര സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കത്തിനുമുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് (ഐ.സി.പി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ക്രൂ ചേഞ്ച് ഉൾപ്പെടെയുള്ള നടപടികൾ ഇനി എളുപ്പമാകും. ഒപ്പം തുറമുഖത്തിന്റെ ചരക്കു നീക്കത്തിന്റെ വേഗം വർദ്ധിക്കും.
ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇനി കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും. ഡീപ്-സീ ശേഷിയും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് അനായാസമായി പ്രവേശിക്കുന്നതിനുള്ള സൗകര്യവും കാരണം വിഴിഞ്ഞം ആഗോള തലത്തിൽ തന്നെ മത്സരിക്കാവുന്ന പുതിയ ഇന്ത്യൻ സമുദ്ര ഗേറ്റ് വേയായി മാറും ലോക സമുദ്ര ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനും കേരളത്തിന്റെ സാമ്പത്തികവളർച്ചയ്ക്കും മുതൽക്കൂട്ടാവുമെന്നും വാസവൻ വ്യക്തമാക്കി.