ജനം ആഗ്രഹിക്കുന്നു, കോഴിക്കോടിനൊരു മാറ്റം ടി.ടി.ഇസ്മായിൽ മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി

Saturday 22 November 2025 12:40 AM IST
ടി.ടി.ഇസ്മായിൽ മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി

കോൺഗ്രസും ലീഗും മാത്രമല്ല, കോർപ്പറേഷനിലെയും ജില്ലാപഞ്ചായത്തിലെയും ഭരണവും മാറണമെന്ന് കോഴിക്കോട്ടെ ജനം ആഗ്രഹിക്കുകയാണ്. അത് ഇത്തവണ സംഭവിക്കും. കഴിഞ്ഞ തവണ യു.ഡി.എഫിന് എത്ര സീറ്റ് കിട്ടി എന്നതല്ല പ്രശ്‌നം. ഇത്തവണ എന്താവുമെന്നാണ്. കേരളം മുഴുവൻ ഇടതുഭരണത്തിന് എതിരായ വിധിയെഴുത്തിന് ഒരുങ്ങുകയാണ്. അത് കോഴിക്കോട്ടും സംഭവിക്കും.

അഴിമതിയുടെ സാമാന്യവത്കരണം

കേരളത്തിലങ്ങോളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത് അഴിമതിയുടെ സാമാന്യവത്കരണമാണ്. ശബരിമലയിലെ കട്ടിളപ്പാളിമാത്രമല്ല, നാം കിടന്നുറങ്ങുന്ന കട്ടിൽ തന്നെ എടുത്തുകൊണ്ടുപോയാലും അത്ഭുതമില്ല. അധികാരത്തിന്റെ ഭ്രമത്തിൽ അഴിമതി വലിയ പാപമല്ലെന്നും ഞങ്ങളിങ്ങനെയൊക്കെ ചെയ്യുമെന്നും ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം മൊത്തത്തിലെടുത്താലും കോഴിക്കോട്ടായാലും വർഷങ്ങളായി അവർ ഇത് തുടരുകയാണ്.

യു.ഡി.എഫിൽ പ്രശ്‌നമില്ല

തിരഞ്ഞെടുപ്പ് കാലത്ത് ചില അപസ്വരങ്ങൾ എല്ലായിടത്തും ഉണ്ടാകും. അതുമാത്രമാണ് കോഴിക്കോട്ടുമുണ്ടായത്. ചിലർ രാജിവെച്ചു എന്നത് വസ്തുതയാണ്. പക്ഷെ ലീഗിനേയോ യു.ഡി.എഫിന്റെ കെട്ടുറപ്പിനേയോ അത് ബാധിച്ചിട്ടില്ല. കോഴിക്കോട് കോർപറേഷനിലും ജില്ലാപഞ്ചായത്തിലും ഒറ്റക്കെട്ടായാണ് യു.ഡി.എഫിലെ പാർട്ടികൾ നിലകൊള്ളുന്നത്. കുളം കലക്കാമെന്ന് കരുതുന്നവർ കുളത്തിൽ മുങ്ങിപ്പോവുന്ന അവസ്ഥയുണ്ടാവും.

സമസ്തയ്‌ക്കൊന്നും മാറി ചിന്തിക്കാനാവില്ല

ഇ.കെ.വിഭാഗം സുന്നിസമൂഹം എന്നും ലീഗിനൊപ്പം നിലയുറപ്പിച്ചവരാണ്. അവിടെയിവിടെ ചില അസ്വാരസ്വങ്ങൾ ഉയർന്നുകേട്ടാലും സംഘടനയെന്ന നിലയിൽ ലീഗിനേയോ യു.ഡി.എഫിനേയോ തള്ളിക്കളയുന്നവരല്ല സമസ്ത നേതൃത്വവും വോട്ടർമാരും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരാശങ്കയുമില്ല.

വർഗീയതയുമായി സന്ധിയില്ല

വർഗീയതയുമായി സന്ധിചെയ്യുന്നവർ അവരുടെ ആഗ്രഹത്തിനാണ് ലീഗിനെ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ മതേതരമണ്ണിൽ ഒരു പോറലേൽക്കാൻ അനുവദിക്കാത്ത പാർട്ടിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടു തന്നെ മതേതരത്വം ആരും ഞങ്ങളെ പഠിപ്പിക്കേണ്ട. പിന്നെ വോട്ട്, അത് ജനത്തിന്റെ അവകാശമാണ്.