ഇടതുകോട്ടകളിൽ കടുത്ത പോരിന് കോൺഗ്രസും ബി.ജെ.പിയും
മലമ്പുഴ: പാലക്കാട് ജില്ലയിൽ പതിറ്റാണ്ടുകളായി ഇടതിന്റെ കുത്തക മണ്ഡലമായ മലമ്പുഴയിലും സമീപ പഞ്ചായത്തായ അകത്തേത്തറയിലും ഇക്കുറി പോരാട്ടം തീപാറും. ഈ പഞ്ചായത്തുകളിൽ സമീപ കാലത്തായി ബി.ജെ.പി ശക്തമായിട്ടുണ്ട്. 17 സീറ്റുള്ള അകത്തേത്തറ പഞ്ചായത്തിൽ ഏഴും 13 സീറ്റുകളുള്ള മലമ്പുഴ പഞ്ചായത്തിൽ അഞ്ചും സീറ്റ് നിലവിൽ ബി.ജെ.പിക്കുണ്ട്. കോൺഗ്രസിനാകട്ടെ മലമ്പുഴയിൽ രണ്ടു സീറ്റുള്ളപ്പോൾ അകത്തേത്തറയിൽ ഒരു സീറ്റു പോലുമില്ല. ഭരണം നിലനിറുത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ സീറ്റുനില കൂട്ടാനും ഭരണത്തിലേറാനുമുളള മത്സരത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. ഇത്തവണ മലമ്പുഴയിൽ ഒന്നും അകത്തേത്തറയിൽ രണ്ടും വാർഡ് കൂടിയിട്ടുണ്ട്. പഞ്ചായത്തും സംസ്ഥാന സർക്കാരും നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്തിൽ ഇടതുമുന്നണിയുടെ പ്രചാരണം. മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ചു, പാലിയേറ്റിവ് കെയർ പദ്ധതി നടപ്പാക്കി എന്നിങ്ങനെ പോകുന്നു ഭരണപക്ഷ നേട്ടങ്ങൾ. എന്നാൽ വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തുകളാണ് മലമ്പുഴയും അകത്തേത്തറയും. ഭരണപക്ഷം നേട്ടങ്ങൾ നിരത്തുമ്പോഴും പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വന്യമൃഗശല്യം തുടർക്കഥയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോടികൾ മുടക്കിയ മലമ്പുഴ ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നതടക്കമുള്ള നിരവധി വിഷയങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിൽ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പഞ്ചായത്തായി ജൈവവൈവിധ്യ ബോർഡ് തിരഞ്ഞെടുത്ത പഞ്ചായത്താണ് അകത്തേത്തറ. ഇവിടെ 20 മിനി എം.സി.എഫുകൾ സ്ഥാപിച്ചു, തെരുവു വിളക്കുകൾ സ്ഥാപിച്ചു, ഭവന നവീകരണ പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയവയാണ് ഭരണ സമിതി നേട്ടങ്ങളായി പറയുന്നത്. അതേസമയം പഞ്ചായത്തിൽ വന്യമൃഗ ശല്യത്തിനു പരിഹാരമില്ല. നടക്കാവ് മേൽപാലം നിർമ്മാണം പൂർത്തിയായില്ല, കൃത്യമായ അഴുക്കുചാൽ സംവിധാനമില്ല തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷ ഉന്നയിക്കുന്നത്.
കക്ഷിനില
മലമ്പുഴ പഞ്ചായത്ത്
ആകെ സീറ്റ് 13 സീറ്റ്(2025ൽ 14)
സി.പി.എം-4 സി.പി.ഐ-1 ബി.ജെ.പി-5 കോൺഗ്രസ്-2 സ്വതന്ത്രൻ-1
അകത്തേത്തറ പഞ്ചായത്ത്
ആകെ സീറ്റ് -17(2025ൽ 19) സി.പി.എം 9 സി.പി.ഐ 1 ബി.ജെ.പി 7.