അപകട മേഖലയായി പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ
കഞ്ചിക്കോട്: ദേശീയ പാതയിൽ പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ അപകടം പതിവായി. ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. ഇതിൽ രണ്ട് ജീവൻ പൊലിയുകയും ഒരു ഡസനിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കഞ്ചിക്കോട് നഗരം കഴിഞ്ഞാലുള്ള പ്രധാന ജംഗ്ഷനാണിത്. സത്രപ്പടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒരു വശത്തു കൂടെയും പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് കൂടെ വരുന്ന വാഹനങ്ങൾ മറുവശത്തു കൂടെയും ദേശീയ പാതയിലേക്ക് കയറുന്ന നാൽ കവലയാണിത്. ഇതിന് പുറമെയാണ് സർവീസ് റോഡുകളിലൂടെ വരുന്ന വാഹനങ്ങൾ ദേശീയ പാതയിലേക്ക് കയറുന്നത്. പഞ്ചായത്ത് ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, കൃഷിഭവൻ എന്നിവിടങ്ങളിലേക്ക് കാൽനടയായി എത്തുന്നവരും ദേശീയ പാത മുറിച്ച് കടന്നാണ് വരുന്നത്. സിഗ്നലുകൾ ലംഘിച്ച് വാഹനങ്ങൾ ചീറിപ്പായുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ചുവപ്പ് സിഗ്നൽ കണ്ടാലും വാഹനങ്ങൾ വേഗം കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുന്നില്ല. കഴിഞ്ഞ ദിവസമാണ് ഒരു കാൽനട യാത്രക്കാരൻ ഇവിടെ മിനി ലോറി ഇടിച്ച് മരിച്ചത്. നേരത്തെ സ്‌കൂട്ടർ യാത്രക്കാരിയായ യുവതി ഇതേ സ്ഥലത്ത് വെച്ച് അജ്ഞാത വാഹനമിടിച്ച് മരിച്ചിരുന്നു. വാഹനങ്ങൾ തട്ടി പരിക്കേറ്റവർ നിരവധിയാണ്. കാൽ നടയാത്രക്കാരും ബൈക്ക് യാത്രക്കാരും ആണ് അപകടത്തിൽ പെടുന്നവരിൽ ഭൂരിഭാഗവും. സ്വകാര്യ ബസുകളുടെയും ലോറികളുടെയും അമിത വേഗതയും ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.