ഉദ്ധാരണക്കുറവിനുള്ള മരുന്ന് യഥേഷ്ടം വിറ്റു; ആവശ്യക്കാരായി ചമഞ്ഞ് പിടികൂടിയത് കൊച്ചിയില്‍ 

Friday 21 November 2025 9:35 PM IST

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANforce 100, VIGORE 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി ട്രെയ്സ് ചെയ്താണ് റെയ്ഡ് നടത്തിയത്.

ഈ മരുന്നുകള്‍ ഉത്തേജക മരുന്നുകളായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്ന് വാങ്ങി ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില്‍ പെടുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പന നടത്തുന്നത് കുറ്റകരമാണ്.

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ എറണാകുളം അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ സന്തോഷ് കെ. മാത്യു, റീജിയണല്‍ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ജോഷി ടി.ഐ., ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) നവീന്‍ കെ.ആര്‍, ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍മാരായ നിഷ വിന്‍സെന്റ്, ധന്യ വിഎസ്, അഞ്ജിത ഷാജി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.