"ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറി" ; വിശദീകരണവുമായി കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ്
ടെലിവിഷൻ പരിപാടികളിളും മറ്റും സിനിമാതാരം കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പായി ശ്രദ്ധ നേടിയ കലാകാരനാണ് സുനിൽരാജ് എടപ്പാൾ. കുഞ്ചാക്കോ ബോബനെ കുറിച്ച് സുനിൽ രാജ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിവാദമുയർന്നിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിൽ കുഞ്ചോക്കോ ബോബന്റേതായി വന്നിട്ടുള്ള പല സീനുകളിലും താനാണ് അഭിനയിച്ചതെന്ന സുനിൽ രാജിന്റെ വെളിപ്പെടുത്തലാണ് ചർച്ചയായത്. ചാക്കോച്ചന്റെ തിരക്ക് മൂലം അദ്ദേഹം പറഞ്ഞിട്ടാണ് സിനിമയിലെ തില സീനുകൾ താൻ ചെയ്തതെന്ന് സുനിൽ കുറിച്ചു. എന്നാൽ ഈ പോസ്റ്റ് പിന്നീട് സുനിൽരാജ് പിന്നീട് നീക്കം ചെയ്തു.
കുഞ്ചാക്കോ ബോബനെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടെന്ന് സുനിൽ രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ വിശദീകരിച്ചു. താൻ പോലും അറിയാതെ താനൊരു അധോലോകമായി മാറിയെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. കുറേപേർ തനിക്കെതിരെ നെഗറ്റീവ് കമന്റുകൾ പോസ്റ്റ് ചെയ്തെന്നും സുനിൽ വ്യക്തമാക്കി.
ചാക്കോച്ചൻ വ്യക്തിപരമായി എനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ടിട്ട്. അപ്പോൾ കുറെ പേര് ചോദിച്ചു അത് പൈസയായിട്ടാണോ അല്ലെങ്കിൽ ആശുപത്രി കേസിലാണോ എന്നൊക്കെ. അങ്ങനെയൊന്നുമല്ല എനിക്ക് ചെയ്തിട്ടുള്ള സഹായമാണ്, അദ്ദേഹം ഭയങ്കര ബിസി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് പോർഷൻസ് എന്നുവച്ചാൽ സജഷൻ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് സീക്വൻസ് എനിക്കൊരു സിനിമയിൽ ചെയ്യാൻ പറ്റി.അദ്ദേഹം ആ സമയത്ത് അമേരിക്കയിൽ ആയിരുന്നു. അപ്പോൾ ആ സിനിമയിലേക്ക് എന്നെ നിർദേശിച്ചത് അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്. നിങ്ങളെ സംബന്ധിച്ച് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. കാരണം അദ്ദേഹത്തെ പോലൊരു നടൻ എന്റെ പേര് പറയുകയും അവരെന്നെ വിളിക്കുകയും ചെയ്യുക. എനിക്ക് ആ സിനിമയിൽ നല്ല കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ.
ഒരു നടനെന്ന നിലയിൽ കിട്ടേണ്ട ഏറ്റവും വലിയ കാര്യങ്ങളും പിന്തുണയും എനിക്ക് അവർ തന്നു. ചാക്കോച്ചൻ ചെയ്ത നല്ലൊരു ഉപകാരം മറ്റുള്ളവർ അറിയാൻവേണ്ടിയാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. പക്ഷെ അത് പുറത്തേക്ക് വന്നപ്പോഴേക്കും നെഗറ്റീവ് ആയി. ഓൺലൈൻ മീഡിയക്കാർ അത് വേറെ രീതിയിൽ വളച്ചൊടിച്ചെന്ന് സുനിൽരാജ് വീഡിയോയിൽ പറഞ്ഞു. എനിക്കിത്രയേ പറയാനുള്ളൂ, ഞാൻ പറഞ്ഞ സത്യങ്ങൾ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. കാരണം അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യനുമായി സൗഹൃദം പുലർത്താൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണെന്നും സുനിൽരാജ് വ്യക്തമാക്കി.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ്ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ചിത്രത്തിൽ അതിഥി താരമായാണ് കുഞ്ചാക്കോ ബോബൻ എത്തിയത്.