മത്സരിച്ചത് നാല് വട്ടം: രമേശൻ ജയിച്ചതും തോറ്റതും മൂന്നുവട്ടം വീതം!
ആലുവ: കീഴ്മാട് കുളക്കാട് പുല്ലാട്ടുഞാലിൽ രമേശൻ കാവലൻ ത്രിതല തിരഞ്ഞെടുപ്പുകളിൽ നാല് വട്ടം യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. മൂന്ന് തവണ ജയിച്ചു, മൂന്ന് തവണ തോറ്റു. ഈ കണക്കിലെ കളി എന്താണെന്ന് സംശയിക്കുന്നുണ്ടാകും. സംഭവം ഇങ്ങനെയാണ്.
കോൺഗ്രസ് നേതാവായ രമേശൻ കാവലൻ 2005ൽ ജില്ലാ പഞ്ചായത്തിൽ കീഴ്മാട് എസ്.സി സംവരണ സീറ്റിൽ നിന്നുമാണ് ആദ്യമായി മത്സരിച്ചത്. എതിർ സ്ഥാനാർത്ഥി ആർ.എസ്.പി പ്രതിനിധിയായി രാജു കുമ്പളാനും. ബാലറ്റ് വോട്ടായതിനാൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ അർദ്ധരാത്രിയായി. 24 വോട്ടിന് രമേശൻ കാവലൻ ജയിച്ചു. അതോടെ ആവേശം മൂത്ത പ്രവർത്തകർ രമേശനെ തോളിലേറ്റി ആഹ്ളാദ പ്രകടനത്തോടെ ഡിവിഷനിലേക്ക് പോന്നു. തുടർന്ന് വീട്ടിലെത്തി ഉറങ്ങി. രാവിലെ രേഖകളിൽ ഒപ്പിടാൻ കളക്ട്രേറ്റിലെത്തിയപ്പോളാണ് അറിയുന്നത് അഞ്ച് വോട്ടിന് തോറ്റെന്ന്. പോസ്റ്റൽ വോട്ടിൽ ഭൂരിപക്ഷം ലഭിച്ച രാജു കുമ്പളാൻ അങ്ങനെ വിജയിയായി.
2010ൽ ഗ്രാമപഞ്ചായത്തിലേക്കായിരുന്നു രമേശന്റെ പരീക്ഷണം. ഇവിടെ രമേശൻ ആദ്യം തോൽക്കുകയും പിന്നീട് ജയിക്കുകയുമായിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് വോട്ടെണ്ണൽ തീർന്നത്. എൽ.ഡി.എഫിലെ കെ.കെ. നാസർ ഒരു വോട്ടിന് ജയിച്ചു. നിരാശയോടെ പ്രവർത്തകരുമായി രമേശൻ വീട്ടിലേക്ക് മടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ റിട്ടേണിംഗ് ഓഫീസർ വിളിച്ചു. വേഗം മടങ്ങിയെത്തണം, ആകെയുണ്ടായിരുന്ന രണ്ട് പോസ്റ്റൽ വോട്ടുകളും രമേശന അനുകൂലമായെന്നും ഒരു വോട്ടിന് ജയിച്ചതായും പറഞ്ഞു. തുടർന്ന് ആ ടേം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
2015ൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ച രമേശൻ മറിമായങ്ങളൊന്നുമില്ലാതെ വൈസ് പ്രസിഡന്റായി. 2020ൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സ്വന്തം ഗ്രാമ - ബ്ളോക്ക് വാർഡുകളെല്ലാം വനിത സംവരണമായതിനാൽ ഇക്കുറി മത്സരത്തിനുമില്ല.
കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡന്റും ആലുവ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ രമേശൻ കാവലൻ നിലവിൽ തികഞ്ഞ ക്ഷീരകർഷകനാണ്. ആറ് കറവ പശുക്കളെ വളർത്തുന്നുണ്ട്. ക്ഷീരവ്യവസായം കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്.