വ്യാജ പേയ്മെന്റ് ആപ്പ് തട്ടിപ്പ്: നാല് പേർ അറസ്റ്റിൽ

Saturday 22 November 2025 1:06 AM IST

കളമശേരി: ഓൺലൈൻ പെയ്മെന്റിന്റെ മറവിൽ വ്യാജ ആപ്പ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ കൊയിലാണ്ടി സ്വദേശികളായ ചെങ്ങോട്ടു കാവ് കുട്ടനാടത്ത് വീട്ടിൽ റൂബിൻ രാജ് (20), എടക്കുളം മടക്കര പള്ളി പറമ്പിൽ മുഹമ്മദ് അനാസ് (19), ചെമനാഞ്ചേരി കോലക്കാട് പറമ്പിൽ വീട്ടിൽ ഹജ് സൽ അമീൻ (20), നെയ്യാറ്റിൻകര മാങ്കുളത്തു മേലെ പുത്തൻ വീട് എ.എസ്. വൈശാഖ് (22) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റു ചെയ്തു.

പത്തടിപ്പാലം കിൻഡർ ആശുപത്രിക്ക് സമീപം പാനാടൻ ബിൽഡിംഗിലെ മെട്രോ ഹോം സ്‌റ്റേയിൽ 1000/- രൂപ നിരക്കിൽ 2 റൂമുകൾ 2 ദിവസ വാടകയ്ക്ക് എടുക്കുകയും രാത്രി വ്യാജ ആപ്പ് വഴി പണം നൽകിയതായി തെറ്റിദ്ധരിപ്പിച്ച് കടന്നു കളയുകയുമായിരുന്നു.

ഉടമ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പണം വന്നില്ലെന്ന് മനസ്സിലായി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 19 നായിരുന്നു സംഭവം. ഹോട്ടലുകളിലും തുണിക്കടകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയതായി പൊലീസ് പറഞ്ഞു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ വിവിധ ലോഡ്ജുകളിൽ താമസിച്ച് തട്ടിപ്പ് നടത്തുകയാണ് രീതി. വിവിധ കേസുകളിൽ പ്രതികളാണ് നാലു പേരും.

ഇൻസ്പെക്ടർ ടി.ദിലീഷ്, എസ്.ഐമാരായ സച്ചിൻ ലാൽ, ഷമീർ, എസ്.സി.പി.ഒ.മാരായ നിഷാദ് നെപ്പോളിയൻ, അജ്മൽ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.