കൊച്ചിയിൽ ലഹരിയുടെ ലിവിംഗ് ടുഗദർ!
കൊച്ചി: എറണാകുളം നോർത്തിലെ ലോഡ്‌ജിൽ നിന്ന് 880 ഗ്രാം കഞ്ചാവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ യുവതിയെയും ചങ്ങനാശേരി സ്വദേശിയായ യുവാവിനെയും എക്സൈസ് പിടികൂടുന്നു. ഇരുവരും രണ്ട് മാസമായി താമസമാണെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. യുവതിക്ക് 23 വയസാണ് പ്രായം. യുവാവിന് കഷ്ടിച്ച് 21. ഇരുവരും ലിവിങ് ടുഗദറാണ്.
യുവതിയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് അമ്പരിപ്പിക്കുന്ന വിവരങ്ങൾ. വീട്ടുകാർ ബംഗളൂരുവിൽ നഴ്സിംഗ് കോഴ്സിന് ചേർത്ത യുവതിയാണ് കൊച്ചിയിൽ കാമുകനൊപ്പം കഞ്ചാവ് വിറ്റ് ജീവിക്കുന്നത്. കൂലിപ്പണിക്കാരിയായ അമ്മ കഷ്ടപ്പെട്ട് സ്വരൂപിച്ച 87,000 രൂപയ്ക്കാണ് നഴ്സിംഗ് സീറ്റ് തരപ്പെടുത്തിയത്. ഇതിനിടെയാണ് മുൻപരിചയക്കാരനായ ചങ്ങനാശേരിക്കാരൻ യുവാവുമൊത്ത് കൊച്ചിയിൽ അടിച്ചുപൊളിച്ചു ജീവിക്കാൻ തീരുമാനിച്ചത്.
‘അതെന്റെ മോളല്ല, അവൾ ബംഗളുരുവിലാണ്’
ലോഡ്ജ് മുറിയിൽ വെച്ച് തന്നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ യുവതിയുടെ അമ്മയെ ഫോണിൽ വിളിച്ചു. മകളെ കഞ്ചാവുമായി കൊച്ചിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് അറിയിച്ചപ്പോൾ അത് തന്റെ മോളല്ലെന്നും അവൾ ബംഗളുരുവിലാണെന്നുമായിരുന്നു പാവം അമ്മയുടെ പ്രതികരണം. ഫോണിൽ മകളുടെ സംസാരം കേട്ടതോടെ അമ്മ കരച്ചിൽ തുടങ്ങി. യുവാവിനെക്കുറിച്ച് മകൾ പറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥനോട് അമ്മ സമ്മതിച്ചു.
ബാങ്ക് അക്കൗണ്ടിൽ 3 ലക്ഷം, സ്വന്തം കാർ
എറണാകുളത്ത് ഓയിൽ ആൻഡ് ഗ്യാസ് കോഴ്സിന് പഠിക്കുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് അമ്പരപ്പ്. ഒരു വർഷത്തിനിടെ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം. ലോഡ്ജ്‌വളപ്പിൽ യുവാവിന്റെ നീല സെൻ കാർ. എല്ലാം കഞ്ചാവ് കൊണ്ടുവന്നത്. അച്ഛൻ ഓട്ടോഡ്രൈവറും അമ്മ കൂലിപ്പണിക്കാരിയുമാണ്. വീട്ടുകാരെ വിളിച്ചപ്പോൾ അവർക്ക് നിസംഗത. എന്നേ എഴുതിത്തള്ളിയ കേസ്‌കെട്ട് എന്ന ഭാവം. ഇടത്തരം ലോഡ്ജിലാണെങ്കിലും ജീവിതം അടിപൊളിയാണ്. ഭക്ഷണം ഓൺലൈനിൽ വരുത്തും. ഇരുവർക്കും പുത്തൻ വസ്ത്രങ്ങൾ. കാറിലാണ് ഊരുചുറ്റൽ.
കഞ്ചാവിന്റെ വഴി
അസാമിലെ ഏജന്റു വഴിയാണ് കഞ്ചാവ് വാങ്ങുന്നത്. പുല്ലേപ്പടി പാലത്തിന് സമീപം വച്ച് അസാം സ്വദേശി ഏർപ്പാടാക്കിയ അന്യസംസ്ഥാനക്കാരന് പണം നൽകണം. മറ്റൊരാൾ കഞ്ചാവ് കൈമാറും. പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം കിട്ടാൻ ഒരു കിലോയ്ക്ക് താഴേ കഞ്ചാവ് മാത്രമേ വാങ്ങാറുള്ളൂ. എല്ലാം നിയന്ത്രിക്കുന്ന അസാംകാരനെ പൊക്കാൻ എക്സൈസ് ശ്രമം തുടങ്ങി.
കണ്ടിട്ടും കാണാതെ ലോഡ്ജുകാർ
രണ്ട് മാസമായി യുവാവും യുവതിയും എന്താണ് ചെയ്യുന്നതെന്ന് ലോഡ്ജുകാർ തിരക്കിയതേയില്ല. ദിവസം 800 രൂപ വീതം മാസം 25,000 രൂപയാകും വാടക. കൊച്ചിയിലെ പല ലോഡ്ജുകളിലും അപ്പാർട്ട്മെന്റുകളിലും സ്ഥിതി ഇതാണെന്ന് എക്സൈസും പൊലീസും പറയുന്നു. ആർക്ക് വേണമെങ്കിലും ഒരു മുറി കിട്ടും. പിന്നെ എന്തുമാകാം. ഓൺലൈൻ ഭക്ഷണവിതരണം, ടാക്സി ഡ്രൈവർ എന്നിങ്ങനെ പറഞ്ഞാണ് മുറി വാടകയ്ക്ക് എടുക്കുന്നതെന്നും എല്ലാവരെയും നിരീക്ഷിക്കാൻ സാധിക്കില്ലെന്നുമാണ് ലോഡ്ജുകാരുടെ മറുപടി.