തകർന്നടിഞ്ഞ് ബിറ്റ്‌കോയിൻ
Saturday 22 November 2025 12:20 AM IST
കൊച്ചി: നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതോടെ ലോകത്തിലെ മുൻനിര ക്രിപ്‌റ്റോ നാണയമായ ബിറ്റ്കോയിനിന്റെ വില ഇന്നലെ 82,605 ഡോളറിലേക്ക് മൂക്കുകുത്തി. നാല് മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ വിലയിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്. മറ്റ് പ്രധാന ക്രിപ്‌റ്റോ നാണയങ്ങളിലും വിലത്തകർച്ച രൂക്ഷമായി. മൊത്തം ക്രിപ്‌റ്റോ നാണയങ്ങളുടെ മൊത്തം മൂല്യം ഇന്നലെ 12,000 കോടി ഡോളർ ഇടിഞ്ഞ് 2.8 ലക്ഷം കോടി ഡോളറിലെത്തി. അമേരിക്കയിലെ തൊഴിൽ കണക്കുകൾ ദുർബലമായതോടെ പലിശ കുറയില്ലെന്ന് വ്യക്തമായതാണ് ക്രിപ്‌റ്റോ വിപണിക്ക് തിരിച്ചടിയായത്. ഒക്ടോബറിൽ റെക്കാഡ് ഉയരത്തിലെത്തിയതിനു ശേഷം ബിറ്റ്‌കോയിനിന്റെ വിലയിൽ 30 ശതമാനം ഇടിവുണ്ടായി. ഇതേറിയം, സൊലാന എന്നിവയുടെ വിലയിലും കനത്ത തകർച്ചയുണ്ടായി.