കേരളത്തിലേക്ക് സഞ്ചാരി പ്രവാഹം

Saturday 22 November 2025 12:23 AM IST

2019ലെ റെക്കാഡ് മറികടക്കാൻ കേരള ടൂറിസം

കൊച്ചി: നടപ്പുവർഷത്തെ ടൂറിസം സീസൺ ചൂടുപിടിച്ചതോടെ കേരളത്തിലേക്ക് വിദേശി, സ്വദേശി സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ സഞ്ചാരികളുടെ എണ്ണം റെക്കാഡ് ഉയരത്തിലെത്തിയേക്കും. ജൂൺ വരെ മുൻ വർഷത്തെക്കാൾ വിദേശ സഞ്ചാരികളിൽ 6.87% ആഭ്യന്തര സഞ്ചാരികളിൽ 10.43% വർദ്ധനയുണ്ട്. ബുക്കിംഗും അന്വേഷണങ്ങളും തുടരുന്നതിനാൽ 2019ലെ 11,89,771 വിദേശി സഞ്ചാരികളുടെ റെക്കാഡ് മറികടക്കുമെന്നാണ് വിലയിരുത്തൽ. വിദേശ വിപണികളിലെ വിപണന നടപടികളാണ് ഗുണമായത്.

ഡെൽഹി സ്‌ഫോടനവും വിസ തടസങ്ങളും വിമാനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന ടിക്കറ്റ് നിരക്കും വെല്ലുവിളിയാണ്.

സഞ്ചാരികൾ 2025 (6 മാസം)

വിദേശികൾ 3,83,000

സ്വദേശികൾ 1,19,89,864

കഴിഞ്ഞ വർഷത്തെ സഞ്ചാരികൾ

വിദേശികൾ 7,38,374

വരുമാനം 6,631.02 കോടി

സ്വദേശികൾ 2,22,46,989

വരുമാനം 45,053.61 കോടി

കപ്പൽ സഞ്ചാരികളേറുന്നു

ക്രൂയിസ് വിപണിയും മികച്ച വളർച്ചയാണ് നേടുന്നത്. നടപ്പു സാമ്പത്തിക വർഷം 40 കപ്പലുകളിലായി 50,000 സഞ്ചാരികൾ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. 30 കപ്പലുകൾ ചാർട്ട് ചെയ്‌തിട്ടുണ്ട്. ആദ്യകപ്പൽ കഴിഞ്ഞദിവസം എത്തി.

കൊച്ചി ബിനാലെ ഡിസംബറിൽ ആരംഭിക്കുന്നതോടെ സഞ്ചാരികൾ കൂടും. വിദേശ കലാകാരന്മാരും ആസ്വാദകരും ഉൾപ്പെടെ വിദേശികളെത്തും.

മാർച്ച് വരെ നീളുന്ന സീസണിൽ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തെ മറികടന്നേക്കും

ജോസ് പ്രദീപ്

പ്രസിഡന്റ്

കേരള ട്രാവൽ മാർച്ച് സൊസൈറ്റി

ആയുർവേദത്തിന് ആഗോള രംഗത്ത് പ്രിയമേറുന്നത് ചികിത്സ, വെൽനെസ് മേഖലകൾക്ക് നേട്ടമാകും.

സജീവ് കുറുപ്പ്

പ്രസിഡന്റ്

ആയുർവേദ പ്രമോഷൻ സൊസൈറ്റി

വിദേശ, സ്വദേശ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്

മറിയാമ്മ ജോസ്

സംസ്ഥാന പ്രസിഡന്റ്

ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ