റെക്കാഡ് താഴ്ചയിൽ രൂപ, ആഗോള അനിശ്ചിതത്വങ്ങൾ വിനയായി
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തി. ഓഹരി വിപണിയിലെ തകർച്ചയും ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 87 പൈസ നഷ്‌ടത്തോടെ ചരിത്രത്തിലാദ്യമായി 89.55 കടന്നു. നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തില്ലെന്ന വിലയിരുത്തലാണ് ഡോളറിന് കരുത്തായത്. മേയ് എട്ടിന് ശേഷം രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. നടപ്പു വർഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ 4.53 ശതമാനം മൂല്യത്തകർച്ചയുണ്ടായി. ഏഷ്യൻ രാജ്യങ്ങളിലെ നാണയങ്ങളിൽ ഏറ്റവും മോശം പ്രകടനവും ഈ വർഷം രൂപയുടേതാണ്.
രൂപയുടെ മൂല്യം വിപണി ബന്ധിതമാണെന്നും പ്രത്യേക ലക്ഷ്യം നിശ്ചയിച്ചിട്ടില്ലെന്നും വ്യാഴാഴ്ച റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ അനിശ്ചിതമായി വൈകുന്നതും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കി. അമേരിക്കയിൽ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമായതോടെ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ചതും തിരിച്ചടിയായി.
വെല്ലുവിളികൾ
1. ക്രിപ്‌റ്റോ കറൻസികളിലും എ.ഐ കമ്പനികളുടെ ഓഹരി വിലയിലുമുണ്ടായ തകർച്ച
2. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവക്കുന്നതിലെ കാല താമസം
3. ഡോളർ ആവശ്യം ഗണ്യമായി കൂടിയിട്ടും റിസർവ് ബാങ്ക് വിപണി ഇടപെടൽ നടത്തിയില്ല
4. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നു
ഓഹരി വിപണിക്കും അടിതെറ്റി
ഒരു വർഷത്തെ ഉയർന്ന തലത്തിലേക്ക് വ്യാഴാഴ്ച കുതിച്ച ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നലെ അടിതെറ്റി. ആഗോള മേഖലയിലെ പ്രതികൂല വാർത്തകളാണ് തിരിച്ചടിയായത്. സെൻസെക്‌സ് 400.76 പോയിന്റ് നഷ്‌ടവുമായി 85,231.92ൽ അവസാനിച്ചു. നിഫ്‌റ്റി 124 പോയിന്റ് ഇടിഞ്ഞ് 26,068.15ൽ എത്തി. ഐ.ടി, മെറ്റൽ ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
നടപ്പുവർഷം വിദേശ നിക്ഷേപകർ പിൻവലിച്ച തുക
1,43,698 കോടി രൂപ