ശബരിമല: സ്പോട്ട് ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്

Saturday 22 November 2025 12:33 AM IST

കൊച്ചി: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് വരുത്തി ഹൈക്കോടതി. തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് പരമാവധി 20000 വരെയാക്കാൻ ദേവസ്വം ബോർഡിന് കോടതി അനുമതി നൽകി.

ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്കും ചീഫ് പൊലീസ് കോഓർഡിനേറ്റർക്കും സ്ഥിതി വിലയിരുത്തി സ്പോട്ട് ബുക്കിംഗ് ഉയർത്തുന്നതിൽ തീരുമാനമെടുക്കാം. ഇക്കാര്യം ശബരിമല സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചാൽ മതിയെന്നും ഹൈക്കോടതി വിശദീകരിച്ചു.

തിരക്ക് കുറഞ്ഞിട്ടും കഴിഞ്ഞദിവസം സ്പോട്ട് ബുക്കിംഗ് നിയന്ത്രണമുള്ളതിനാൽ ചില ഭക്തർക്ക് മടങ്ങേണ്ടിവന്നുവെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ഇളവ് അനുവദിച്ചത്. നിലവിൽ സ്‌പോട്ട് ബുക്കിംഗ് എണ്ണായിരമാക്കിയിട്ടുണ്ട്.

പ്രതിദിനം 90000 പേരെ സന്നിധാനത്ത് ഉൾക്കൊള്ളാനാവുമെന്ന് ബോർഡ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ . പമ്പയിലെ കേന്ദ്രം നിറുത്തി. എരുമേലിയിൽ നിന്ന് കാനനപാത വഴി സന്നിധാനത്തേക്ക് കടത്തിവിടുന്നവരുടെ എണ്ണം പരമാവധി അയ്യായിരമാക്കി.