സ്വർണം വെട്ടി ചെമ്പെന്ന് എഴുതി ഒപ്പിട്ടു, കൊള്ളയുടെ പത്മസൂത്രം
തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വഴിയൊരുക്കിയത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറാണെന്ന് പ്രത്യേക അന്വേഷണസംഘം. സ്വർണപ്പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ബോർഡിൽ ആദ്യനിർദ്ദേശം വച്ചതും പത്മകുമാറാണ്.
ബോർഡിന് മാത്രമായി ഇങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് അംഗങ്ങളായ കെ.പി.ശങ്കരദാസും എ.വിജയകുമാറും നിലപാടെടുത്തതോടെ പോറ്റിക്ക് സ്വർണപ്പാളി കൈമാറാനായില്ല. പിന്നാലെയാണ് ഉദ്യോഗസ്ഥ ശുപാർശയോടെ ഔദ്യോഗിക രേഖയാക്കി ഫയൽനീക്കം തുടങ്ങിയത്. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിബാബുവാണ് ചുക്കാൻപിടിച്ചത്. ഇതിനായി ബോർഡ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലെത്തി പത്മകുമാർ സമ്മർദ്ദം ചെലുത്തി. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ ശുപാർശയോടെ ഫയൽ ബോർഡിലെത്തിച്ചു.
ദേവസ്വംകമ്മിഷണറായിരുന്ന എൻ.വാസു ഈ ഫയൽ നീക്കത്തിനിടെയാണ് സ്വർണംപൂശിയ പാളികളെന്നത് വെറും ചെമ്പുപാളികളാക്കിയത്. വാസുവിന്റെ ശുപാർശയോടെ ഫയലെത്തിയതോടെ യാതൊരു പരിശോധനയുമില്ലാതെ സ്വർണപ്പാളി പോറ്റിക്ക് കൊടുക്കാൻ തീരുമാനമെടുത്തു. 2019 മാർച്ചിലെ ബോർഡ് യോഗത്തിന്റെ അജൻഡക്കുറിപ്പിലുണ്ടായിരുന്നത് സ്വർണംപതിച്ച ചെമ്പുപാളികൾ എന്നാണ്. പത്മകുമാർ ഇതുവെട്ടി സ്വന്തം കൈപ്പടയിൽ ചെമ്പുപാളികളെന്ന് എഴുതിച്ചേർത്തു. അതിനു മുകളിൽ ഒപ്പുമിട്ടു. കെ.പി.ശങ്കരദാസും എ.വിജയകുമാറും ഒപ്പ് പത്മകുമാറിന്റേതാണെന്ന് എസ്.ഐ.ടിക്ക് മൊഴിനൽകി. എന്നാൽ തിരുത്തൽ തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.
താൻ ദേവസ്വം കമ്മിഷണറായിരിക്കേ ഓഫീസിൽ പത്മകുമാർ ഇടപെട്ടെന്നാണ് വാസുവിന്റെ മൊഴി. ഫയലുകൾ പരിശോധിച്ചിരുന്നു. മറ്റ് ഓഫീസുകളിലും പോയി ഉദ്യോഗസ്ഥരെക്കൊണ്ട് രേഖകൾ തിരുത്തിച്ചു.
ബോർഡ് അംഗം പോലെ
പോറ്റിയുടെ ഭരണം
മിക്കപ്പോഴും പത്മകുമാറിനൊപ്പം പോറ്റിയുണ്ടായിരുന്നു. പ്രസിഡന്റിന്റെ നിർദ്ദേശം ഉദ്യോഗസ്ഥരെ ഫോണിൽ അറിയിച്ചിരുന്നതും പോറ്റി
സ്വർണക്കൊള്ളയ്ക്ക് മാത്രമല്ല, വീണ്ടും സ്വർണംപൂശാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സ്പോൺസർഷിപ്പ് സമാഹരിക്കാനും പോറ്റിക്ക് അനുമതി നൽകി
വീട്ടിൽ റെയ്ഡ്
പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് പാർത്ഥിസാരഥി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള കീച്ചംപറമ്പിൽ വീട്ടിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരടക്കം ഏഴുപേരെത്തിയത്. ഗേറ്റുകളും വാതിലുകളും പൂട്ടിയ ശേഷം ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നു.
കടകംപള്ളി ചോദ്യമുനയിൽ
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യംചെയ്യും. തിരുവനന്തപുരം സബ് ജയിലിൽ റിമാൻഡിലുള്ള പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷമായിരിക്കും കടകംപള്ളിയെ നോട്ടീസ് നൽകി വിളിപ്പിക്കുക. പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്ക്. സർക്കാരിനും പോറ്റി അപേക്ഷ നൽകിയിരുന്നു. പരിശോധിച്ച് ഉചിത തീരുമാനമെടുക്കാൻ സർക്കാർ നിർദ്ദേശിച്ചു. സ്വർണപ്പാളി പോറ്റിക്ക് കൈമാറാനുള്ള ഉത്തരവിന്റെ രേഖകളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്ന് പത്മകുമാർ മൊഴിനൽകി. വ്യക്തത വരുത്താനാണ് കടകംപള്ളിയെ ചോദ്യംചെയ്യുക. ഒരു ഫയലും കണ്ടിട്ടില്ലെന്നും ബോർഡിന്റെ ഒരു തീരുമാനത്തിലും പങ്കില്ലെന്നുമാണ് കടകംപള്ളിയുടെ നിലപാട്.