വാഹനങ്ങളിലെ വ്ലോഗിംഗ്: നടപടികൾ കർശനമാക്കണം, വീഡിയോകൾ തുറന്ന കോടതിയിൽ കാണിച്ചു

Saturday 22 November 2025 12:48 AM IST

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം,കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമം ലംഘിച്ച് രൂപമാറ്റം എന്നിവയ്ക്കെതിരെ നടപടികൾ കർശനമാക്കണമെന്ന് ഹൈക്കോടതി. മോട്ടോർ വാഹന ചട്ടങ്ങളും കോടതികളുടെ മുൻ ഉത്തരവുകളും കണക്കിലെടുത്ത് നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും കോടതി നിർദ്ദേശം നൽകി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റമുണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നിയമലംഘനത്തിന്റെ വിവിധ വീഡിയോകൾ ഇന്നലെ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ച് പരിശോധിച്ചു. ഡ്രൈവർ ക്യാബിനിൽ വീഡിയോ ചിത്രീകരിച്ച് അലക്ഷ്യമായി പോകുന്ന ചരക്ക് ലോറിക്ക് പിന്നിൽ യാത്രാബസും മറ്റൊരു ലോറിയും ഇടിച്ച് അപകടമുണ്ടാകുന്ന ദൃശ്യം ഇതിലുണ്ട്. ലേസർ ലൈറ്റുകളും പാട്ടുമിട്ട ബസിൽ വിദ്യാർത്ഥികൾ നൃത്തം ചെയ്ത് വിനോദയാത്ര പോകുന്നതും രൂപമാറ്റം വരുത്തിയ റിക്കവറി വാനിൽ ഏറെപ്പേർ യാത്രചെയ്യുന്നതും എൽ.ഇ.ഡി പാനലുകളുടെ നിർമ്മാണ വീഡിയോയുമെല്ലാം കോടതി കണ്ടു. ഈ സംഭവങ്ങൾ എവിടെയെല്ലാമാണെന്ന് കണ്ടെത്തി നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. അനധികൃത ലൈറ്റുകൾ ഓരോന്നിനും 500 രൂപ പിഴയിടണം. വീഡിയോയിൽ കാണുന്ന വിനോദയാത്ര ഏതു വിദ്യാലയങ്ങളിൽ നിന്നാണെന്ന വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പും നൽകണം.

കോടതിയിലെത്തിയ വീഡിയോകൾ ഗതാഗത കമ്മിഷണർക്കും കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിനും തുർനടപടിക്കായി അയച്ചുകൊടുക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടികൾ കർശനമാക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്കും കഴിഞ്ഞദിവസം സർക്കുലർ നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണർ അറിയിച്ചു. വിഷയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.