ഹൈക്കോടതി മാർഗനിർദേശം : ഗുരുവായൂരിൽ സ്പോട്ട് ബുക്കിംഗ് വേണം
# ദർശനം ലഭിക്കുന്ന സമയം അറിയിക്കണം
# എല്ലാവർക്കും ലഘുഭക്ഷണവും വിശ്രമ സംവിധാനവും ഒരുക്കണം
#ജീവനക്കാരുടെ മാേശം പെരുമാറ്റം തടയണം
#രണ്ടു മാസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കണം
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സൗകര്യം ഭക്തജനങ്ങളുടെ കഷ്ടപ്പാടുകൾ ഒഴിവാകുന്ന തരത്തിൽ അടിമുടി പരിഷ്കരിക്കണമെന്ന നിർദേശവുമായി ഹൈക്കോടതി.
ദർശനത്തിന് എത്തുന്ന എല്ലാവരും മണിക്കൂറുകൾ കാത്തുനിൽക്കുന്ന ദുരിതം ഒഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എ, ബി, സി തുടങ്ങി 300-500 പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ഏകദേശ ദർശന സമയം അറിയിക്കണം. എല്ലാവർക്കും കുടിവെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, വിശ്രമസ്ഥലം ഉറപ്പാക്കണം.
സ്പോട്ട് ബുക്കിംഗിന് ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം.
ജീവനക്കാരുടെ മോശം പെരുമാറ്റം തടയണമെന്നും ഇവർക്ക് പതിവായി പരിശീലനം നൽകണമെന്നും ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ദർശനം സന്തോഷപ്രദമാണെന്ന് ഉറപ്പാക്കണം. ഭക്തരുടെ നീക്കം സുഗമമാക്കാൻ പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്റുകൾ വേണം.
വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും വരിയിൽ മുൻഗണന നൽകണം. ഇവർക്കായി ശീതികരിച്ച വിശ്രമഹാളും പരിഗണിക്കണം.
നട തുറപ്പ്, പൂജാസമയ വിവരങ്ങൾ തത്സമയം അറിയിക്കാൻ മൊബൈൽ ആപ്പും ഡിജിറ്റൽ ഡിസ്‌പ്ളെ സംവിധാനവും ഒരുക്കണം.ദൂരെ നിന്നുള്ളവരുടെ സൗകര്യാർത്ഥം ആഴ്ചയിൽ രണ്ടു ദിവസം ഓൺലൈൻ ബുക്കിംഗ് പരിഗണിക്കണം.
രണ്ടു മാസത്തിനകം വിശദമായ കർമ്മ പദ്ധതി തയ്യാറാക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്
ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചു. വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെയും നിയോഗിച്ചു.
ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാൻ, മെമ്പർ, തൃശൂർ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ഗുരുവായൂർ നഗരസഭ സെക്രട്ടറി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റ് എൻജിനിയർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരാണ് ഉന്നതതല സമിതി അംഗങ്ങൾ.
ഗുരുവായൂർ ദർശനത്തിനെത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും വെർച്വൽ ക്യൂ പരിഗണിക്കണമെന്നാവശ്യപ്പെട്ടും പി.വി. രാധാകൃഷ്ണൻ, ലേഖ സുരേഷ് തുടങ്ങിയവർ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
ദർശനം എത്രപേർക്കെന്ന്
തിട്ടപ്പെടുത്തണം
സാധാരണ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാനാകുന്നവരുടെ എണ്ണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണം. അതിനനുസരിച്ചാകണം ദിനം പ്രതിയുള്ള പ്രവേശനം. ദർശന സമയം കൂട്ടുന്നത് ആചാരപരമായി തന്ത്രിമാരുമായി ആലോചിച്ച് തീരുമാനിക്കണം.
#നിലവിൽ 14-15 മണിക്കൂറാണ് മൊത്തം ദർശന സമയം. രാവിലെ മൂന്നു മുതൽ ഉച്ചകഴിഞ്ഞ് രണ്ടരവരെയും മൂന്നര മുതൽ രാത്രി ഒൻപതുവരെയുമാണ് ദർശനം.പൂജാസമയങ്ങളിൽ ദർശനം തടയും.