വയനാട് ജില്ലാ പഞ്ചായത്ത്: കോൺഗ്രസ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി. 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളാണ് ജില്ലാ വരണാധികാരി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ മുൻപാകെ നാമ നിർദ്ദേശ പത്രിക നൽകിയത്. രാവിലെ ഡി.സി.സി ഓഫീസിൽ കൺവെൻഷനിൽ പങ്കെടുത്തശേഷമാണ് പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. സ്ഥാനാർത്ഥികളെ ഡി.സി.സി ഓഫീസ് പരിസരത്ത് നേതാക്കൾ ഷാൾ അണിയിച്ചു. ടി.സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക്, എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കഴിഞ്ഞതവണ നറുക്കെടുപ്പിലാണ് ഭാഗ്യം തുണച്ചതെങ്കിൽ ഇത്തവണ വലിയ ഭൂരിപക്ഷത്തോടെ തന്നെ യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഡി.ജെ ഐസക്ക് പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഇത്തവണ ചരിത്രവിജയം നേടുമെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. തവിഞ്ഞാൽ ലിസിജോസ്, തിരുനെല്ലി ഫിലിപ്പ്‌ജോർജ്, പനമരം ബീന സജി, മുള്ളൻകൊല്ലി ഗിരിജാ കൃഷ്ണൻ, കേണിച്ചിറ അമൽജോയ്, മീനങ്ങാടി ഗൗതം ഗോകുൽദാസ്, നൂൽപ്പുഴ ഷീജ സതീഷ്, അമ്പലവയൽ ജിനിതോമസ്, വൈത്തിരി ചന്ദ്രിക കൃഷ്ണൻ, എടവക ജിൽസൺ തൂപ്പുംക്കര, തോമാട്ട് ചാൽ വി.എൻ ശശീന്ദ്രൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.