സ്റ്റാർക്ക്, ആക്ഷൻ... സ്റ്റോക്സ് !
ആഷസ് ആദ്യടെസ്റ്റിന്റെ ആദ്യ ദിനം വീണത് 19 വിക്കറ്റുകൾ
ഇംഗ്ളണ്ട് 172 റൺസിന് ആൾഔട്ട്, ഓസീസ് 123/4
മിച്ചൽ സ്റ്റാർക്കിന് ഏഴുവിക്കറ്റ്, സ്റ്റോക്സിന് അഞ്ചുവിക്കറ്റ്
പെർത്ത് : ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിനായി പെർത്തിലിറങ്ങിയ ഇംഗ്ളണ്ടിനെ കാത്തിരുന്നത് മിച്ചേൽ സ്റ്റാർക്കിന്റെ മാരകപ്രഹരം.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 58 റൺസ് വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന് മുന്നിൽ വെറും 172 റൺസിന് ഒന്നാം ഇന്നിംഗ്സിൽ ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസീസിന് കിട്ടിയത് അതിലും മാരകമായ പ്രഹരം. ആദ്യം ദിനം കളി നിറുത്തുമ്പോൾ123 റൺസെടുക്കുന്നതിനിടെ ഒൻപത് പേർ കൂടാരം കണ്ടു. അങ്ങനെ19 വിക്കറ്റുകൾ പൊഴിഞ്ഞുവീണ പെർത്തിലെ ആദ്യ ദിനത്തിനൊടുവിൽ പെർത്തിൽ 49 റൺസ് പിന്നിലാണ് ഓസീസ്. ആദ്യ ഓവറിലെ അവസാന പന്തിൽ സാക്ക് ക്രാവ്‌ലിയെ (0)ഫസ്റ്റ് സ്ളിപ്പിൽ ഉസ്മാൻ ഖ്വാജയുടെ കയ്യിലെത്തിച്ചാണ് സ്റ്റാർക്ക് ആക്രമണം തുടങ്ങിയത്. തുടർന്ന് ബെൻ ഡക്കറ്റും (21) ഒല്ലീ പോപ്പും (46) ചേർന്ന് മുന്നോട്ടുപോകാൻ നോക്കിയെങ്കിലും ഏഴാം ഓവറിൽ ഡക്കറ്റിനെയും ഒൻപതാം ഓവറിൽ ജോ റൂട്ടിനെയും(0) തിരിച്ചയച്ച സ്റ്റാർക്ക് സന്ദർശകരെ 39/3 എന്ന നിലയിലാക്കി. നാലാം വിക്കറ്റിൽ ഒരുമിച്ച ഹാരി ബ്രൂക്കും(52) പോപ്പും ചേർന്ന് വീണ്ടും ഇംഗ്ളണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാൽ ടീം സ്കോർ 96ൽ വച്ച് കാമറൂൺ ഗ്രീൻ പോപ്പിനെ എൽ.ബിയിൽ കുരുക്കി മടക്കി. പകരമെത്തിയ നായകൻ ബെൻ സ്റ്റോക്സിനെ സ്റ്റാർക്ക് ബൗൾഡാക്കിയതോടെ ഇംഗ്ളണ്ട് 115/5 എന്ന നിലയിലായി.
ആറാം വിക്കറ്റിൽ ഒരുമിച്ച ബ്രൂക്കും ജാമീ സ്മിത്തും (33) ചേർന്ന് 160ലെത്തിച്ചപ്പോഴേക്കും അരങ്ങേറ്റക്കാരൻ ബ്രെണ്ടൻ ഡോഗെറ്റ് ബ്രൂക്കിനെ കീപ്പർ കാരേയുടെ കയ്യിലെത്തിച്ചു. ബ്രണ്ടൻ കാഴ്സിനെയും (6) ഡോഗെറ്റ് പുറത്താക്കി. ഗസ് അറ്റ്കിൻസൺ (1),സ്മിത്ത്, മാർക്ക് വുഡ് (0) എന്നിവരെക്കൂടി സ്റ്റാർക്ക് മടക്കിയതോടെ 172റൺസിന് ഇംഗ്ളണ്ട് ഇന്നിംഗ്സ് അവസാനിച്ചു.
മറുപടിക്കിറങ്ങിയ ഓസീസിനെയും കാത്തിരുന്നത് ബാറ്റിംഗ് തകർച്ചയാണ്.ആദ്യ ഓവറിൽ ജേക്ക് വിതറാൾഡിനെയും 15-ാം ഓവറിൽ ലാബുഷെയ്നേയും (9) ആർച്ചർ പുറത്താക്കിയപ്പോൾ സ്റ്റീവൻ സ്മിത്ത്(17), ഉസ്മാൻ ഖ്വാജ (2) എന്നിവർക്ക് ബ്രണ്ടൻ കാഴ്സ് മടക്കടിക്കറ്റ് നൽകി. ട്രാവിസ് ഹെഡ് (21), കാമറൂൺ ഗ്രീൻ (24) എന്നിവരെ ബെൻ സ്റ്റോക്സും പുറത്താക്കിയതോടെ ഓസീസ് 83/6 എന്ന നിലയിലായി. എന്നാൽ സ്റ്റോക്സ് നിറുത്തിയില്ല. മിച്ചൽ സ്റ്റാർക്കിനെയും (12), അലക്സ് കാരേയേയും (26),സ്കോട്ട് ബോളാണ്ടിനെയും (0)കൂടാരം കയറ്റിയിട്ടേ ആദ്യ ദിനം സ്റ്റംപെടുക്കാൻ സമ്മതിച്ചുള്ളൂ. കളി നിറുത്തുമ്പോൾ നഥാൻ ലയണും (3), ഡോഗെറ്റുമാണ് (0) ക്രീസിൽ.