വീട്ടിലുള്ള സാധനമായിട്ടും പുറത്ത് നിന്നേ മലയാളി വാങ്ങൂ; വന്‍ അപകടമെന്ന് പഠനം, നടപടിക്ക് ശുപാര്‍ശ

Friday 21 November 2025 11:14 PM IST

കൊച്ചി: പുറത്ത് നിന്ന് സാധനം വാങ്ങി ഉപയോഗിക്കുന്നത് അഭിമാനമായി കാണുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചുവരികയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഈ പ്രവണത് കാര്യമായി വര്‍ദ്ധിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഈ ശീലം മലയാളി പതിവാക്കിയിട്ട് കാലം ഒരുപാടായി. അപകടകരമായ പ്രവണതയെന്ന് അറിഞ്ഞുവെച്ചിട്ടാണ് ഈ ശീലമെന്നതാണ് കൗതുകകരം.

കുപ്പിവെള്ളത്തിലെ അപകടകരമായ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകുന്നുണ്ട്. ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേരള ഹൈക്കോടതി ഇപ്പോള്‍. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് അംശം കലര്‍ന്നിട്ടുണ്ടെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

കുപ്പിവെള്ളത്തില്‍ മൈക്രോ, നാനോ പ്ലാസ്റ്റിക് അംശങ്ങള്‍ കലര്‍ന്നിട്ടുള്ളതായി ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നല്‍കിയ ഹരജിയിലാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് എഫ്എസ്എസ്എഐക്ക് നല്‍കിയ നിവേദനത്തില്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെള്ളം നിറച്ചിരിക്കുന്ന കുപ്പിയില്‍ നിന്ന് തന്നെ പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തില്‍ കലരുന്നുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ പ്ലാസ്റ്റിക് കലര്‍ന്ന വെള്ളം പതിവായി കുടിക്കുന്നത് മാരകമായ അസുഖങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍. തലച്ചോറിനേയും വൃക്കയേയും കരളിനേയും ആണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി ബാധിക്കുന്നത്.