ഗില്ലില്ലാതെ ഗോഹട്ടിയിൽ

Friday 21 November 2025 11:16 PM IST

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നുമുതൽ ഗോഹട്ടിയിൽ

ശുഭ്മാൻ ഗില്ലിന് പകരം റിഷഭ് പന്ത് ഇന്ത്യയെ നയിക്കും

ഈ ടെസ്റ്റ് ജയിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

9.00 am മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്റ്റാറിലും ലൈവ്

ഗോഹട്ടി : ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകാൻ ഒരുങ്ങുന്ന ഗോഹട്ടിയിലെ ബർസാപാറ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിർണായകമായ രണ്ടാം ടെസ്റ്റിന് സ്ഥിരം നായകനായ ശുഭ്മാൻ ഗിൽ ഇല്ലാതെ ഇറങ്ങുകയാണ് ഇന്ത്യ. കൊൽക്കത്തയിൽ 30 റൺസിന് തോറ്റ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗില്ലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുക. ഈ കളി ജയിച്ചില്ലെങ്കിൽ 25 വർഷത്തിനിടെ ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര നഷ്ടമാകും.

ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ആൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ആറ് വർഷത്തിന് ശേഷം കൊൽക്കത്താ ഈഡൻ ഗാർഡൻസ് വേദിയായ ടെസ്റ്റിൽ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കാൻ ആവശ്യപ്പെട്ട ഇന്ത്യ ആദ്യഇന്നിംഗ്സിൽ 30 റൺസ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സിൽ 124 റൺസ് ചേസ് ചെയ്യാനാകാതെ 93 റൺസിന് ആൾഔട്ടാവുകയായിരുന്നു. ബൗളിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബാറ്റർമാർ ശരിക്കും മുട്ടിടിച്ചുവീണു. വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്തിനെയും ധ്രുവ് ജുറേലിനെയും ഒരുമിച്ച് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുകയും വാഷിംഗ്ടൺ സുന്ദറിനെ ഫസ്റ്റ് ഡൗൺ പൊസിഷനിലേക്ക് മാറ്റുകയും ചെയ്ത ഗംഭീറിന്റെ ഐഡിയയും വർക്കായില്ല. ഗില്ലിന്റെ അഭാവത്തിൽ സായ് സുദർശനെയും നിതീഷ് കുമാറിനെയും ടീമിലെടുത്ത് അക്ഷർ പട്ടേലിനെ കരയ്ക്കിരുത്താനാണ് സാദ്ധ്യത.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്ക കൊൽക്കത്തയിലെ വിജയത്തോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്ക് മൂലം ആദ്യ ടെസ്റ്റിൽ കളിക്കാൻ കഴിയാതിരുന്ന പേസർ കാഗിസോ റബാദ ഗോഹട്ടിയിലും കളിക്കില്ല. അതേസമയം കൊൽക്കത്തയിൽ ഇരുഇന്നിംഗ്സുകളിലുമായി എട്ടുവിക്കറ്റുകൾ വീഴ്ത്തി പ്ളേയർ ഒഫ് ദ മാച്ചായ സ്പിന്നർ ഹാർമർക്ക് തോളിന് നേരിയ പരിക്കേറ്റിരുന്നെങ്കിലും ഗോഹട്ടിയിൽ കളിക്കും.

പുത്തൻ പിച്ച് ആരെ തുണയ്ക്കും ?

ഗോഹട്ടിയിലെ ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ കളിക്കാനിറങ്ങുന്ന 28-ാമത് ടെസ്റ്റ് വേദി . കൊൽക്കത്തയിൽ വിവാദമായത് പിച്ചിന്റെ സ്വഭാവമാണ്. ബർസാപാറയിലെ ആദ്യത്തെ ടെസ്റ്റ് പിച്ച് ഏത് സ്വഭാവമാകും കാണിക്കുകയെന്നത് ഇരു ടീമുകളെയും ആശങ്കയിലാക്കുന്നുണ്ട്.കൊൽക്കത്തയിൽ ഇന്ത്യൻ കോച്ച് ഗംഭീർ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആവശ്യപ്പെട്ടിരുന്നു. ഗോഹട്ടിയിൽ പക്ഷേ ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാകുമെന്നാണ് കരുതുന്നത്. പേസർമാർക്കും പിന്തുണ ലഭിച്ചേക്കും. അവസാനദിവസങ്ങളിലേ സ്പിന്നർമാർക്ക് അനുകൂലമായി മാറാൻ ഇ‌ടയുള്ളൂ.

കളി അരമണിക്കൂർ നേരത്തേ

സാധാരണ പകൽ നടക്കുന്ന ടെസ്റ്റുകളിൽ ആദ്യം ലഞ്ച് ബ്രേക്കും പിന്നീട് ടീ ബ്രേക്കുമാണെങ്കിൽ ഗോഹട്ടി ടെസ്റ്റിൽ നേരേ തിരിച്ചാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൈകിട്ട് നേരത്തേ ഇരുട്ടുവീഴുന്നതിനാൽ കളി രാവിലെ അരമണിക്കൂർ മുന്നേ (9 മണിക്ക്) തുടങ്ങും.ഇതിനാൽ 11മുതൽ 11.20 വരെ ടീ ബ്രേക്കും 1.20 മുതൽ 2 മണിവരെ ലഞ്ച് ബ്രേക്കുമാണ്. നാലുമണിക്ക് കളി അവസാനിപ്പിക്കും.

25

വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു പരമ്പര നേടാനുള്ള ലക്ഷ്യവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.2000ത്തിൽ ഹാൻസീ ക്രോണ്യേയുടെ നേതൃത്വത്തിലാണ് അവസാനമായി ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയത്.ഇന്ത്യൻ ക്രിക്കറ്റിനെ വേട്ടയാടിയ ഒത്തുകളി വിവാദമുണ്ടായത് ഈ പരമ്പരയിലാണ്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : റിഷഭ് പന്ത് (ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ ,കെ.എൽ രാഹുൽ,സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്,ബുംറ, സിറാജ്, ആകാഷ്ദീപ് .

ദക്ഷിണാഫ്രിക്ക : ടെംപ ബൗമ (ക്യാപ്ടൻ), ടോണി ഡി സോർസി,എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, റയാൻ റിക്കിൾടൺ,ട്രിസ്റ്റൺ സ്റ്റബ്സ്,കെയ്ൽ വെറാനേ, സുബൈർ ഹംസ,കോർബിൻ ബോഷ്,മാർക്കോ യാൻസെൻ,വിയാൻ മുൾഡർ, സേനുരൻ മുത്തുസ്വാമി , കാഗിസോ റബാദ,കേശവ് മഹാരാജ്,സൈമൺ ഹാർമർ.

45

ടെസ്റ്റുകളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയത്.

19

മത്സരങ്ങളിൽ വിജയിച്ചത് ദക്ഷിണാഫ്രിക്ക

16

കളികളിലേ ഇന്ത്യയ്ക്ക് ജയിക്കാനായുള്ളൂ.

10

ടെസ്റ്റുകൾ സമനിലയിൽ പിരിഞ്ഞു.