കാക്കിക്കുള്ളിലെ മർമ്മ ചികിത്സകൻ
കോട്ടയം: കേരള പൊലീസിൽ എസ്.ഐ. കാക്കിക്കുപ്പായം അഴിച്ചുവച്ചാൽ കളരി ഗുരുക്കൾ, പാരമ്പര്യ മർമ്മ ചികിത്സകൻ. കോട്ടയം ചെറുവാണ്ടൂർ സ്വദേശി മനോജാണ് എസ്.ഐ എന്ന നിലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനൊപ്പം കളരി മർമ്മ ചികിത്സയ്ക്കായി എത്തുന്നവർക്ക് ആശ്വാസവും പകരുന്നത്. കോട്ടയം ഡി.സി.ആർ.ബിയിലെ എസ്.ഐയാണ് മനോജ്.
ക്രിക്കറ്റ് താരം അനിൽകുംബ്ലെ, മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി ജഗൻ ബുജപാൽ, മുൻ ശ്രീലങ്കൻ മന്ത്രി ലക്ഷ്മൺ കടിർഗമാർ, ചലച്ചിത്രതാരം ക്യാപ്ടൻ രാജു, ഹിന്ദി സംഗീത സംവിധായകൻ അനു മാലിക്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മർമ്മ ചികിത്സയ്ക്കായി മനോജിന്റെ കോട്ടയം ചെറുവാണ്ടൂർ ശ്രീപതി സി.വി.എൻ കളരിയിൽ എത്തിയിട്ടുണ്ട്. കുട്ടികൾക്ക് കളരി പരിശീലനവും നൽകുന്നുണ്ട് മനോജ്.
ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഓണററി സെക്രട്ടറിയും, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറുമാണ്. ഭാര്യ പി.ജി. കവിത കോട്ടയം മിനി സിവിൽസ്റ്റേഷനിൽ ഡെപ്യൂട്ടി തഹസിൽദാരായി ജോലി ചെയ്യുന്നതോടൊപ്പം കളരി ചികിത്സയിൽ ഭർത്താവിനെ സഹായിക്കുന്നു. മക്കളായ ജ്യോതി ലക്ഷ്മിയും, ഋഷികേശും പഠനത്തോടൊപ്പം കളരി പരിശീലനത്തിലും മർമ്മ ചികിത്സയിലും അച്ഛനോടൊപ്പം പങ്കാളികളാണ്.
കളരിപ്പയറ്റ് ചാമ്പ്യൻ
പിതാവ് മുരളീധര ഗുരുക്കളിൽ നിന്നാണ് മനോജ് കളരിപ്പയറ്റ് അഭ്യസിച്ചത്. ആയിരത്തിൽപ്പരം പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 1988 മുതൽ തുടർച്ചയായി ആറുവർഷം ജൂനിയർ, സീനിയർ കാറ്റഗറികളിൽ കളരിപ്പയറ്റ് സംസ്ഥാന ചാമ്പ്യനായിരുന്നു. 1997ൽ പൊലീസ് സേനയിലെത്തി.
വിരമിച്ചശേഷം അച്ഛൻ സ്ഥാപിച്ച കളരി വിപുലമായി നടത്തണമെന്നാണ് മനോജിന്റെ ആഗ്രഹം.