54ൽ പത്താംതരം കടന്നു; കുഞ്ഞാമിനയ്ക്ക് ഇനി തിരഞ്ഞെടുപ്പ് പരീക്ഷ
കണ്ണൂർ : തുല്യതാ പരീക്ഷയിലൂടെ 54 ാം വയസ്സിൽ പത്താംതരം കടന്ന് ഐ.ഐ.എം കാമ്പസ് വരെയെത്തിയ കുഞ്ഞാമിന(56) തിരഞ്ഞെടുപ്പ് ചൂടിലാണ്. പയ്യന്നൂർ നഗരസഭ 33-ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രയായാണ് ഈ വീട്ടമ്മ മത്സരിക്കുന്നത്.
സാമ്പത്തിക പ്രശ്നങ്ങളാൽ ഏഴാം ക്ലാസിൽ പഠനം നിറുത്തി. പതിനഞ്ചാം വയസിൽ വിവാഹിതയായി. ഭർത്താവ് മുഹമ്മദ് കുഞ്ഞിക്കൊപ്പം മൂന്നു മക്കളെ വളർത്തി കുടുംബം പുലർത്തുമ്പോഴും പഠിക്കാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. എസ്.എസ്.എൽ.സി തുല്യതാ പരീക്ഷയെഴുതി വിജയിച്ചു. ഇപ്പോൾ ഐ.ഐ.എമ്മിൽ മാർക്കറ്റിംഗിലും മാനേജ്‌മെന്റിലും പരിശീലനത്തിനിടെയാണ് സ്ഥാനാർത്ഥിയായത്.
കുടുംബശ്രീയുടെ വായ്പാ പദ്ധതിയിലൂടെ 12 വർഷം മുമ്പാണ് കുഞ്ഞാമിനയും ഭർത്താവും റൈസ് ഓയിൽ മില്ല് ആരംഭിക്കുന്നത്. കുടുംബശ്രീയുടെ സ്മാർട്ട്ശ്രീ പദ്ധതിയിലൂടെ സംസ്ഥാനത്തെ ആയിരത്തിലധികം സംരംഭകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പേരിൽ പെട്ടാണ് ഐ.ഐ.എം കോഴിക്കോട്ടിലെ കുന്ദമംഗലം കാമ്പസിൽ ബിസിനസ്, മാർക്കറ്റിംഗ് മേഖലകള ഒന്നരവർഷത്തെ പരിശീലനത്തിന് പ്രവേശനം ലഭിച്ചത്. ഇപ്പോൾ പരിശീലനം ആറു മാസം പിന്നിട്ടു.