സ്ഥാനാർത്ഥി 'മായാ വി'; മന്ത്രവടിയില്ല, അരിവാൾ ചുറ്റിക നക്ഷത്രം

Saturday 22 November 2025 1:36 AM IST

കൊച്ചി: സ്ഥാനാർത്ഥിയുടെ പേര് മായ. ഇനിഷ്യൽ 'വി". ചേർത്തുവായിച്ചാൾ 'മായാവി"! മന്ത്രവടിയില്ല പകരം അരിവാൾ ചുറ്റിക നക്ഷത്രം. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാർ വെസ്റ്റിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മായയാണ് (35) സോഷ്യൽ മീഡിയിലെ താരം. സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കൂടിയായ മായുടെ നിരവധി ട്രോളുകൾ ഇതിനോടകം സോഷ്യൽ മീഡിൽ ട്രെന്റാണ്. 'മായാവി"​ സി​നി​മയി​ലെയും ചി​ത്രകഥയി​ലെയും രംഗങ്ങളും സലിംകുമാറി​ന്റെ ഡയലോഗുകളുമാണ് ട്രോളിലുള്ളത്.

കൊല്ലം പത്തനാപുരം പുത്തൂർ സ്വദേശിയായ മായ,ഭർത്താവ് സിജി ദാമോദരനൊപ്പം കൂത്താട്ടുകുളം ഇടയാറിൽ ഭർതൃവീട്ടിലാണ് താമസം. ഹോട്ടൽ ഷെഫും പാർട്ടിക്കാരനുമാണ് സിജി. പ്ലസ് ടു വരെ പുത്തൂരിൽ പഠിച്ച മായ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സി​ന് എറണാകുളത്ത് എത്തിയപ്പോഴാണ് സിജിയെ കണ്ടത്. ഒമ്പത് വർഷം നീണ്ട പ്രണയശേഷമായിരുന്നു വിവാഹം. സ്റ്റാൻഡ്അപ്പ് കോമഡി ഹിറ്റായതോടെ കൊച്ചിയിലെ ഹോട്ടലിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ജോലി നി​റുത്തി​. കോൺഗ്രസിന്റെ സിറ്റിംഗ് ഡിവിഷനിൽ പി.സി. ഭാസ്‌കരനാണ് എതിർ സ്ഥാനാർത്ഥി.

ജനങ്ങളോടൊപ്പം അവരിൽ ഒരാളായി പ്രവർത്തിക്കാൻ പണ്ടേ ആഗ്രഹിച്ചിരുന്നു. പാർട്ടി സ്ഥാനാർത്ഥിയെന്നത് അംഗീകാരമായി കാണുന്നു. പേര് വൈറലായത് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു.

-മായ