പത്മകുമാറിനെതിരെ ആവശ്യമെങ്കിൽ നടപടി: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ കർശന നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റക്കാരനാകുന്നില്ല. വിധി വരട്ടെ. അപ്പോൾ പാർട്ടി പരിശോധിച്ച് നിലപാടെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശബരിമലയിലെ വിഷയം പാർട്ടി അന്വേഷിക്കണ്ടതല്ല. തെറ്റു ചെയ്തവരെ സർക്കാരും സി.പി.എമ്മും സംരക്ഷിക്കില്ല. യാതൊരു ഇടപെടലും സർക്കാർ നടത്തുന്നില്ലെന്നതിനു തെളിവാണ് ഇപ്പോൾ നടക്കുന്ന അറസ്റ്റുകൾ. ഇനിയും കുടുതൽ കാര്യങ്ങൾ പുറത്തുവരും. എൽ.ഡി.എഫ് സർക്കാർ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി ചെയ്തിട്ടില്ലെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും. ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്. സി.പി.എമ്മിന് എന്തോ സംഭവിച്ചെന്ന തരത്തിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തെ തുടക്കം മുതൽ സ്വാഗതം ചെയ്തിരുന്നു. ശബരിമലയിലെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടരുത്. അന്വേഷണത്തോട് സഹകരിക്കാൻ യു.ഡി.എഫ് തയ്യാറായില്ല. സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർ ആരായാലും നിയമത്തിനു മുന്നിൽ വരണമെന്ന നിലപാടാണ് സി.പി.എമ്മും സർക്കാരും കൈക്കൊണ്ടത്.
?മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ.
ആവശ്യമില്ലാത്ത ചർച്ചകളിലേക്ക് പോകാൻ ഞാനില്ല. ആരായാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടും.
? ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാർ പഞ്ഞിരുന്നു
അതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ല.
? ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കുമോ
വിശ്വാസികൾക്ക് വർഗീയതയില്ല. അതുകൊണ്ട് പ്രശ്നമില്ല.
? രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുണ്ടായപ്പോൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നല്ലോ.
□പുറത്തു വന്ന കാര്യങ്ങൾ നോക്കുമ്പോൾ രാജി മാത്രം പോരെന്നാണ് എന്റെ അഭിപ്രായം