കടകംപള്ളിയുടെ പങ്കിനെക്കുറിച്ച് വിവരം തേടാൻ എസ്.ഐ.ടി
തിരുവനന്തപുരം: തിരുവനന്തപുരം സബ് ജയിലിൽ റിമാൻഡിലുള്ള ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച എസ്.ഐ.ടി അപേക്ഷ നൽകും. പത്മകുമാറിനെ ചോദ്യംചെയ്ത ശേഷമായിരിക്കും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളിയെ വിളിപ്പിക്കുക. കടകംപള്ളിയെ ഇതുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ ചികയുകയാണ് എസ്.ഐ.ടി.
റിമാൻഡിലുള്ള സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു, ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ.വാസു എന്നിവരിൽ നിന്നും കടകംപള്ളിയുടെ പങ്കിനെക്കുറിച്ച് വിവരം തേടും.
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിലെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നും സർക്കാരിനും ഇക്കാര്യം അറിയാമായിരുന്നെന്നുമുള്ള പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതും കടകംപള്ളിക്ക് കുരുക്കാണ്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളി വ്യക്തമായ മറുപടി നൽകിയിട്ടില്ല. പോറ്റിയുടെ സ്പോൺസർഷിപ്പോടെ കഴക്കൂട്ടം മണ്ഡലത്തിൽ ചില പദ്ധതികളും പരിപാടികളും നടപ്പാക്കിയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പോറ്റിയെ ഉപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിച്ചെന്ന വിവരത്തെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. മുതിർന്ന നേതാവ് പോറ്റിയുടെ സഹായത്തോടെ മൂന്നരക്കോടി സ്വരൂപിച്ചെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച വിവരം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
സർക്കാർ ഇടപെടലിൽ
കഴമ്പുണ്ടോയെന്നറിയണം
ഒരു ഫയലും താൻ കണ്ടിട്ടില്ലെന്നും ബോർഡിന്റെ ഒരു തീരുമാനത്തിലും പങ്കില്ലെന്നും സ്വർണപ്പാളി അഴിച്ചതും സ്വർണം പൂശിയതുമെല്ലാം ബോർഡിന്റെ തീരുമാനമാണെന്നുമാണ് കടകംപള്ളി പറയുന്നത്.
അതിനാൽ, പോറ്റിയുടെ കൊള്ളയെക്കുറിച്ച് മുൻമന്ത്രിക്ക് അറിവുണ്ടോയിരുന്നോ, അതോ നിവേദനം കൈമാറുക മാത്രമായിരുന്നോയെന്ന് അറിയണം.
സർക്കാരിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വരുത്തിതീർത്ത് കേസിൽ നിന്ന് രക്ഷപെടാനുള്ള പത്മകുമാറിന്റെ ശ്രമമാണോയെന്നും പരിശോധിക്കും