4 സെക്കൻഡിൽ 48 അക്കങ്ങൾ: കേരളത്തിന്റെ ഐ.ക്യുമാന് ഗിന്നസ് റെക്കാഡ്
കൊല്ലം: നാല് സെക്കൻഡിൽ 48 അക്കങ്ങൾ വരിയും നിരയും തെറ്റാതെ പറഞ്ഞ് കൊല്ലം സ്വദേശി ആർ. അജിയ്ക്ക് ഗിന്നസ് റെക്കാഡ്. പാകിസ്ഥാൻ സ്വദേശിയുടെ 30 അക്കങ്ങളുടെ റെക്കാഡാണ് നാന്തിരിക്കൽ വെട്ടിലിൽ പുത്തൻ വീട്ടിൽ അജി (36) തകർത്തത്. കഴിഞ്ഞ 2ന് തിരുവനന്തപുരം തമ്പാനൂരിലെ സ്വന്തം സ്ഥാപനമായ ഐ.ക്യൂ.എഡിൽ വച്ചായിരുന്നു ഗിന്നസ് നേട്ടത്തിനായുള്ള അജിയുടെ പ്രകടനം നടന്നത്. ഇരുപത്തൊന്നാം വയസിൽ റീചാർജ് കൂപ്പണിലെ അക്കങ്ങൾ വായിച്ച് അത് ഓർത്ത് പറയാൻ തുടങ്ങി. പിന്നീട് സെക്കൻഡുകൾക്കുള്ളിൽ എല്ലാ നമ്പറുകളും കൃത്യമായി പറഞ്ഞതോടെയാണ് തന്റെ കഴിവ് അജി തിരിച്ചറിഞ്ഞത്.
വിജയിച്ചത് 33 പി.എസ്.സി പരീക്ഷകൾ
എം.കോം ബിരുദധാരിയായ അജി ഇതിനോടകം 33 പി.എസ്.സി പരീക്ഷകൾ വിജയിക്കുകയും,2 തവണ യു.പി.എസ്.സി മെയിൻ പാസാവുകയും ചെയ്തു. ഇന്റലിജൻസ് ബ്യൂറോ,ബാങ്ക് പരീക്ഷാ റാങ്ക് ലിസ്റ്റിലും വന്നെങ്കിലും ജോലി സ്വീകരിച്ചില്ല. സാമൂഹിക വനവത്കരണ വകുപ്പിൽ ഡെപ്യൂട്ടി റേഞ്ചറായ അജി ജോലിയിൽ 2023 മുതൽ അഞ്ചുവർഷത്തേക്ക് ദീർഘാവധിയെടുത്ത് വിദ്യാർത്ഥികളിൽ മെമ്മറി പവർ വർദ്ധിപ്പിക്കുന്നതിന് പരിശീലനം നൽകുന്ന ഐ.ക്യൂ.എഡ് കമ്പിനി ആരംഭിച്ചു. രഘു-ഗീത എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ:അജന്ത.
മക്കൾ:അഭിനന്ദ്,അഭിനിത.