'പൊലീസിൽനിന്ന്​ കിട്ടിയ അടിയേക്കാൾ വേദന'

Saturday 22 November 2025 1:59 AM IST

□സീറ്റ് കിട്ടാത്തതിൽ യൂത്ത് കോൺ.ജില്ലാ പ്രസിഡന്റ്

ആലപ്പുഴ: ജില്ല പഞ്ചായത്ത്​ ഡിവിഷനിൽ കോൺഗ്രസ്​ സീറ്റ്​ നിഷേധിച്ചതിൽ പ്രതിഷേധിച്ച്​ വൈകാരിക കുറിപ്പുമായി യൂത്ത്​ കോൺഗ്രസ്​ നേതാവ്. സമരങ്ങളിൽ സജീവമായി പങ്കെടുക്കുകയും പലതവണ പൊലീസ്​ മർദ്ദനമേൽക്കുകയും ചെയ്തിട്ടുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീണാണ്​​ ഫേസ്​ബുക്കിലൂടെ രംഗത്തെത്തിയത്​. ‘‘പൊലീസിൽനിന്ന്​ കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം. കോൺഗ്രസിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യത്തൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി..ചരിത്രം സാക്ഷി..പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെനിന്ന ഏവർക്കും നന്ദി’’ എന്നായിരുന്നു കുറിപ്പ്​.തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിക്കാനാണ്​ ഡോ.എം.പി പ്രവീൺ തയ്യാറെടുത്തത്​. ഇതിനായി പ്രാഥമികചർച്ചയും നടന്നിരുന്നു. എന്നാൽ, കെ.പി.സി.സിക്ക്​ അയച്ച പട്ടികയിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ്​ സംസ്ഥാന ജനറൽസെക്രട്ടറി എ.ആർ കണ്ണന്റെ പേരാണ്​ നൽകിയത്​. ഇതേ സീറ്റിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അൽത്താഫ് സുബൈറും പത്രിക സമർപ്പിച്ചിട്ടുണ്ട്.