അമിതകൂലി: ഡോളി തൊഴിലാളികൾ അറസ്റ്റിൽ
ശബരിമല: ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ നിന്ന് ഡോളി സർവീസിന് അമിത കൂലി വാങ്ങിയ തൊഴിലാളികളെ സന്നിധാനം പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി വേലായുധപുരം ആർ.സി കോവിൽ സ്ട്രീറ്റ് സ്വദേശികളായ കറുപ്പുസാമി (50), സൂര്യ (23), മരിയദാസ് (37), മഹേന്ദ്രൻ (24) എന്നിവരാണ് പിടിയിലായത്. 5000 രൂപ നൽകിയാൽ നീലിമലയിലുള്ള ഷെഡ് നമ്പർ 3 ൽ നിന്ന് ഡോളിയിൽ സന്നിധാനത്ത് എത്തിക്കാം എന്നു പറഞ്ഞ് ഡോളിയിൽ കയറ്റി കൊണ്ടു പോകുകയും ശരംകുത്തിയിൽ എത്തിയ സമയം 8000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയശേഷം സന്നിധാനം തൊട്ടടുത്താണെന്നും ഇനി നടന്നു പോയാൽ മതി എന്നും പറഞ്ഞ് ഇറക്കി വിടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽയ പമ്പയിൽ നിന്ന് പ്രതികളെ പൊലിസ് പിടികൂടുകയായിരുന്നു. ശബരിമല ദർശനത്തിന് എത്തുന്നവരിൽ നിന്ന് അമിതമായ കൂലി വാങ്ങുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. മൂന്നുദിവസം മുൻപ് അയ്യപ്പഭക്തരിൽ നിന്ന് അമിതതുക ഈടാക്കിയവരെ പമ്പ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഡോളി തൊഴിലാളികളുടെ പാസ് റദ്ദാക്കുന്നതിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി.