ചെങ്ങറ....18 വർഷമായി വോട്ടർ പട്ടികയുടെ പരിധിക്ക് പുറത്ത്

Saturday 22 November 2025 12:13 AM IST

കോന്നി : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിന് എത്താത്ത ഏക സ്ഥലമാകും ചെങ്ങറ സമരഭൂമി. ഇവിടുത്തെ താമസക്കാർ കഴിഞ്ഞ 18 വർഷങ്ങളായി വോട്ടർ പട്ടികയുടെ പുറത്താണ്.

2007ൽ ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ഭൂമി കൈയേറി ഇവിടെ താമസം തുടങ്ങിയ അറുനൂറിലധികം കുടംബങ്ങളുണ്ട്. ഇവിടുത്തെ 2500 പേർക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. സ്വന്തമായി വോട്ടർ ഐ ഡി കാർഡും ആധാർകാർഡും ഇല്ലാത്ത ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ഇവർ താമസിക്കുന്ന സ്ഥലം ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ പേരിൽ ആയതിനാലാണ് ഇവർക്ക് രേഖകൾ ലഭിക്കാത്തത്.

വ്യത്യസ്തമായ സമരമാർഗങ്ങളിലൂടെ ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ സമരമായിരുന്നു ചെങ്ങറയിലേത്. 2009ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയിൽ ചെങ്ങറ പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ചു. സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ല എന്ന കാരണത്താൽ പലരും തിരികെ വന്നു. സമരഭൂമിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂലം സമര നേതാവ് ളാഹ ഗോപാലനും ഇവിടെനിന്ന് പുറത്തുപോകേണ്ടി വരികയും രോഗബാധിതനായ പിന്നീട് മരിക്കുകയും ചെയ്തു.

അതിജീവനത്തിന്റെ ഭൂമി

സമരക്കാർ തന്നെ 600 ഏക്കറോളം വരുന്ന സ്ഥലം അഞ്ച് ബ്ലോക്കായി തിരിച്ചു. 590 കുടുംബങ്ങൾ 50 സെന്റ് അളന്ന് തിരിച്ച് വീട് വച്ച് താമസം തുടങ്ങി. അന്ന് കണ്ട ചെങ്ങറയല്ല ഇന്ന്. റോഡ് വെട്ടി. കൃഷി തുടങ്ങി. ജീവിതം പുതിയ വഴിയിലേക്ക് നയിച്ചു. പുറത്ത് ജോലിക്ക് പോകുന്നവരുണ്ട്. ഓട്ടോഡ്രൈവർമാരുണ്ട്. പശുവിനേയും ആടിനേയും വളർത്തി ജീവിക്കുന്നവരുണ്ട്. പന്നി ശല്യവും കാട്ടാന ശല്യവും കൂടിയതോടെ ചിലരൊക്കെ കോലിഞ്ചികൃഷിയിലേക്ക് തിരിഞ്ഞു.