പി.വി. അൻവറിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
12.5 കോടിയുടെ വായ്പാതട്ടിപ്പ് കേസിൽ
മലപ്പുറം: നിലമ്പൂർ മുൻ എം.എൽ.എയും തൃണമൂൽ നേതാവുമായ പി.വി.അൻവറിന്റെ എടവണ്ണ ഒതായിയിലെ വീട്ടിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കെ.എഫ്.സിയിൽ നിന്ന് 12.5 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് റെയ്‌ഡ്. ഇന്നലെ രാവിലെ ഏഴോടെ സി.ആർ.പി.എഫ് സംരക്ഷണത്തോടെ എത്തിയ കൊച്ചി, കോഴിക്കോട് സംയുക്ത സംഘത്തിന്റെ പരിശോധന രാത്രി വരെ നീണ്ടു.
അൻവറിന്റെ ഡ്രൈവർ സിയാദിന്റെ മുണ്ടേങ്ങരയിലെ വീട്ടിലും അൻവറിന്റെ വീടിനോട് ചേർന്നുള്ള തൃണമൂൽ ഓഫീസിലും മഞ്ചേരിയിലെ കമ്പനി ഓഫീസിലും ഒരേസമയം പരിശോധന നടന്നു.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചിൽ നിന്ന് മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കെ.എഫ്.സി മലപ്പുറം ചീഫ് മാനേജർ സി. അബ്ദുൽമനാഫ്, ഡെപ്യൂട്ടി മാനേജർ ടി.മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ പി. മുനീർ അഹമ്മദ്, പി.വി. അൻവർ, സിയാദ് എന്നിവർക്കെതിരെ ജൂലായ് 29ന് വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ടീം കേസെടുത്തിരുന്നു. തുടർന്ന് അൻവറിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു. പിന്നാലെയാണ് ഇ.ഡി കൊച്ചി സോണൽ ഓഫീസും കേസെടുത്തത്.
കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം. മുരുഗേഷിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിലടക്കം അൻവറിനെതിരെ സുപ്രധാന തെളിവുകൾ കൈമാറിയതായി മുരുഗേഷ് പറഞ്ഞു.
ലോണെടുത്ത പണം എന്തുചെയ്തെന്നും അൻവറിന്റെ വിദേശ സാമ്പത്തിക ഇടപാടുകളും മാലാംകുളം കൺസ്‌ട്രക്‌ഷൻസ്, പി.വി.ആർ ഡെവലപ്പേഴ്സ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
ഒരേ വസ്തുവിൽ രണ്ട് വായ്പ
സിയാദിന്റെ വരുമാനം പോലും നോക്കാതെ 2015 സെപ്തംബർ 23ന് 7.50 കോടിയുടെ വായ്പ കെ.എഫ്.സി അനുവദിച്ചു. മാലാംകുളം കൺസ്‌ട്രക്‌ഷൻസിന്റെ ഓഹരി ഉടമയെന്ന പേരിലാണ് വായ്പ അനുവദിച്ചത്. വായ്പ തിരിച്ചടച്ചില്ല. ഈ വായ്പക്ക് ഈടുവച്ച വസ്തു തന്നെ പണയം വച്ച് പി.വി.ആർ ഡെവലപ്പേഴ്സിന്റെ പേരിൽ അൻവറിന് 2015 ഡിസംബർ എട്ടിന് അഞ്ച് കോടിയും അനുവദിച്ചു. ഈ സമയത്ത് അൻവർ എം.എൽ.എ ആയിരുന്നു.