സന്നിധാനത്ത് ഒരു ദിവസം വിറ്റഴിക്കുന്നത് മൂന്ന് ലക്ഷം ടിൻ അരവണ

Saturday 22 November 2025 12:15 AM IST

ശബരിമല : സന്നിധാനത്ത് അരവണ പ്രസാദത്തിന്റെ വിറ്റുവരവിൽ വൻ വർദ്ധനവ്. പ്രതിദിനം മൂന്നുലക്ഷത്തിൽ അധികം ടിൻ അരവണ പ്രസാദമാണ് വിറ്റഴിക്കുന്നത്. വൃശ്ചികം ഒന്നുമുതൽ ഇന്നലെ വരെ 15 ലക്ഷം ടിൻ അരവണ വിറ്റു. കഴിഞ്ഞ വർഷം ഇതേസമയം രണ്ടു ലക്ഷം ടിൻ അരവണയാണ് സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അരവണ കൗണ്ടറുകളിൽ നിന്ന് പ്രതിദിനം വിറ്റിരുന്നത്. നിലവിൽ രണ്ടര ലക്ഷം ടിൻ അരവണയാണ് സന്നിധാനത്തെ അരവണ പ്ലാന്റിൽ നിർമ്മിക്കുന്നത്. കരുതൽ ശേഖരമായി 42 ലക്ഷം ടിൻ അരവണ സന്നിധാനം, മാളിപ്പുറം ഗോഡൗണുകളിലായി സൂക്ഷിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഈ തീർത്ഥാടന കാലത്ത് അരവണ ക്ഷാമം നേരിടില്ലെന്നാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. അരവണയ്ക്കു പുറമെ ഉണ്ണിയപ്പത്തിന്റെ വിറ്റു വരവിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ണിയപ്പ പ്രസാദത്തിൽ പൂപ്പൽ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും ഉണ്ണിയപ്പത്തിലെ ജലാംശത്തിന്റെ അളവ് പത്ത് ശതമാനത്തിൽ കൂടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ നിർദ്ദേശ പ്രകാരം സന്നിധാനത്ത് നിർമ്മിക്കുന്ന അപ്പം, അരവണ പ്രസാദങ്ങൾ നിത്യവും ലാബിൽ പരിശോധിച്ച് ഗുണനിലവാരവും ജലാംശതോതും റിപ്പോർട്ടാക്കി സൂക്ഷിക്കുന്നുണ്ട്.

അരവണയുടെ കരുതൽ ശേഖരം : 42 ലക്ഷം ടിൻ,

അരവണയുടെ പ്രതിദിന ഉൽപ്പാദനം : രണ്ടര ലക്ഷം ടിൻ