ഉടമയെ കാർ കൊണ്ടിടിച്ചു, ബോണറ്റിൽ വീണ അവസ്ഥയിൽ 10 കി.മീറ്റർ പാഞ്ഞു  #തിരൂർ സ്വദേശി അറസ്റ്റിൽ

Saturday 22 November 2025 1:40 AM IST

തൃശൂർ: വിൽപ്പനയ്ക്ക് സഹായിക്കാമെന്നേറ്റ് കൈക്കലാക്കിയ കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിടിച്ച് ബോണറ്റിലേക്ക് ഇട്ട് പാഞ്ഞത് 10 കിലോമീറ്ററോളം ദൂരം.

കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ തിരൂർ പോട്ടോർ നാലകത്ത് വീട്ടിൽ ബക്കറിനെ (53) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പാനായിക്കുളം കൊടിയൻ വീട്ടിൽ സോളമനെയാണ് (31) ഇത്തരത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചത്.

കേച്ചേരിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. തുടക്കം ഇങ്ങനെ : വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന സോളമൻ ടയോട്ട ഫോർച്യൂണർ കാർ വിൽക്കാനായി കുറച്ചുദിവസം മുമ്പ് തൊട്ടടുത്തുള്ള വൈശാഖ് എന്നയാളുടെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ചിരുന്നു. വർക്ക് ഷോപ്പ് നടത്തിപ്പുകാരന്റെ പരിചയക്കാരനായ ബക്കർ വിൽക്കാൻ സഹായിക്കാമെന്നു പറഞ്ഞ് കാർ കൈക്കലാക്കി. ഒക്ടോബർ 30നാണ് കാർ കൊണ്ടുപോയതത്രേ. ആരും വാങ്ങുന്നില്ലെന്നും കടങ്ങോടുള്ള 16 സെന്റ് സ്ഥലം നൽകി കാർ എടുക്കാമെന്നും ബക്കർ അറിയിച്ചു. സ്ഥലത്തിന് അത്രയും വില ലഭിക്കില്ലെന്നറിഞ്ഞ സോളമൻ വിസമ്മതിച്ചു. ഇതിനിടെ ബക്കർ ഒരു കരാറും തയ്യാറാക്കി. കാർ വീണ്ടും ആവശ്യപ്പെട്ടപ്പോൾ ഡിസംബർ 21ന് മകളുടെ കല്യാണത്തിന് ശേഷം നൽകാമെന്നാണ് അറിയിച്ചത്. അമിതവേഗവും അലക്ഷ്യമായ ഓടിക്കലും കൊണ്ട് ആർ.ടി.ഒ പിഴ വരുന്നതിനാൽ ഇന്നലെ സുഹൃത്ത് കൂടിയായ വർക്ക് ഷോപ്പ് നടത്തിപ്പുകാരൻ വൈശാഖുമൊത്ത് തൃശൂരിൽ എത്തിയതായിരുന്നു സോളമൻ. ജി.പി.എസ് മുഖേന വണ്ടിയുള്ള സ്ഥലം മനസിലാക്കിയ സോളമൻ കാർ കണ്ടെത്തി. ഇതോടെയാണ് ഇടിച്ചുകൊല്ലാൻ ശ്രമിച്ചതും ബോണറ്റിൽ അകപ്പെട്ടതും. ഇതുകണ്ട് മറ്റൊരു കാർ പിന്തുടർന്ന്

വന്ന് എരുമപ്പെട്ടി സ്‌കൂളിന് സമീപത്ത് വച്ച് തടഞ്ഞിട്ടതോടെയാണ് സോളമന് രക്ഷപ്പെടാനായത്. ജി.പി.എസ് സംവിധാനം തകർക്കാൻ ശ്രമിച്ചതായും കാർ വാടകയ്ക്ക് നൽകിയിരുന്നതായും സോളമൻ ആരോപിക്കുന്നു. കാറിന്റെ ബോണറ്റിൽ പിടിച്ച് സഞ്ചരിക്കുന്നതിനിടെ സോളമൻ വീഡിയോയും പകർത്തിയിരുന്നു. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.