പത്താം ക്ളാസ് പാസായ 'കുറ്റ'ത്തിന് പിരിച്ചുവിട്ട ലൈൻമാനെ തിരിച്ചെടുത്തു
തിരുവനന്തപുരം:വർക്കർ നിയമനത്തിന് പത്താം ക്ളാസ് പാസാവുന്നത്
അയോഗ്യതയാണെന്ന കാര്യം മറച്ചു വച്ച് നിയമനം നേടിയ കുറ്റത്തിന് പിരിച്ചു വിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി.അനിൽകുമാറിനെ മുൻകാല പ്രാബല്യത്തോടെ തിരിച്ചെടുത്തു. കെ.എസ്.ഇ.ബി ഡറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
2018ലാണ് പത്താം ക്ളാസ് പാസായതിന്റെ പേരിൽ ടി.അനിൽകുമാറിനെ പിരിച്ചു വിട്ടത്.ഇതിനെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അനിൽകുമാർ പത്താംക്ളാസ് പാസായെന്നത് തെളിയിക്കാൻ കെ.എസ്.ഇ.ബി. വശം വ്യക്തമായ രേഖയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി , പിരിച്ചുവിട്ട നടപടി റദ്ദാക്കാൻ ഈ വർഷം മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു. കെ.എസ്.ഇ.ബിയിലെ നിയമനങ്ങൾക്ക് പത്താം ക്ളാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന് കേന്ദ്ര വൈദ്യുതി നിയമമുള്ള സാഹചര്യത്തിൽ ഡിവിഷൻ ബഞ്ചിൽ അപ്പീലുമായി പോയിട്ട് കാര്യമില്ലെന്ന് നിയമമോപദേശം ലഭിച്ചു. തുടർന്ന്, നവംബർ അഞ്ചിന് ചേർന്ന ബോർഡ് യോഗം പിരിച്ചുവിട്ട തീയതി മുതലുള്ള പ്രൊമോഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകി തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ വർക്കർ നിയമനത്തിന് പത്താം ക്ളാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
പത്താം ക്ളാസ് പാസാകുന്നത് അയോഗ്യതയാണെന്ന നിലപാട് തിരുത്തിയ കെ.എസ്.ഇ.ബി ഉത്തരവ് കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.പുതിയ വർക്കർ നിയമന യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമന നടപടികൾ തുടങ്ങാനും പി.എസ്.സി.ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ വർക്കർമാരെയെല്ലാം പ്രൊമോഷൻ നൽകി ലൈൻമാൻമാരാക്കിയതോടെ കെ.എസ്.ഇ.ബിയിൽ നാമമാത്ര വർക്കർമാരാണുള്ളത്. അവർ തന്നെ കരാർ വ്യവസ്ഥയിൽ നിയമനം കിട്ടിയ ശേഷം സ്ഥിരം ജീവനക്കാരായതാണ്.കഴിഞ്ഞ ഒൻപത് വർഷമായി വർക്കർ നിയമനമില്ല.