ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും വീണ്ടും ചോദ്യംചെയ്യും

Saturday 22 November 2025 8:11 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിന് എ പത്മകുമാർ ആദ്യം ഇടപെടൽ നടത്തിയത് ഇവർകൂടി അംഗങ്ങളായ ബോർഡിലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകട്ടെ എന്നതായിരുന്നു അന്ന് എൻ വിജയകുമാറും കെ പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു.

സ്വർണകൊള്ളയിൽ എ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തിൽ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യംചെയ്യുക. എ പത്മകുമാറിനെ വിശദമായി ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിക്കായി പത്മകുമാർ നടത്തിയ ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാർ സ്വാധീനിച്ചു എന്നാണ് എൻ വാസുവിന്റെയും മൊഴി. കട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

പൂജയുടെ ഭാഗമായ നടൻ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തേക്കും. കട്ടിളപ്പാളികൾ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിൻ്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് പാളികൾ കൈമാറാൻ പത്മകുമാർ ദേവസ്വം മിനുട്സിൽ സ്വന്തം കൈപ്പടയിൽ ചെമ്പ് പാളികളെന്ന എഴുതിച്ചേർത്തെന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തൽ.

അതേസമയം, പത്മകുമാറിന്റെ വീട്ടിൽ ഇന്നലെ എസ്‌ഐടി നടത്തിയ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ്. ഉച്ചയ്ക്ക് 12.15ന് തുടങ്ങിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. നിർണായക രേഖകൾ കിട്ടിയെന്നാണ് സൂചന.