പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി; നിർണായക രേഖകൾ ലഭിച്ചു?

Saturday 22 November 2025 9:57 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നടത്തിയ പരിശോധന അർദ്ധരാത്രിയോടെയാണ് എസ് ഐ ടിയുടെ പൂർത്തിയായത്.

പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ടാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്‌തത്. ശബരിമലയിലെ സ്വർണം കൊള്ളയടിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വഴിയൊരുക്കിയത് പത്മകുമാറാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

സ്വർണപ്പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ബോർഡിൽ ആദ്യനിർദ്ദേശം വച്ചതും പത്മകുമാറാണ്. ബോർഡിന് മാത്രമായി ഇങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് അംഗങ്ങളായ കെ പി ശങ്കരദാസും എ വിജയകുമാറും നിലപാടെടുത്തതോടെ പോറ്റിക്ക് സ്വർണപ്പാളി കൈമാറാനായില്ല.

പിന്നാലെയാണ് ഉദ്യോഗസ്ഥ ശുപാർശയോടെ ഔദ്യോഗിക രേഖയാക്കി ഫയൽനീക്കം തുടങ്ങിയത്. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് ചുക്കാൻ പിടിച്ചത്. ഇതിനായി ബോർഡ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലെത്തി പത്മകുമാർ സമ്മർദ്ദം ചെലുത്തി. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ ശുപാർശയോടെ ഫയൽ ബോർഡിലെത്തിക്കുകയായിരുന്നു.

ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു ഈ ഫയൽ നീക്കത്തിനിടെയാണ് സ്വർണം പൂശിയ പാളികളെന്നത് വെറും ചെമ്പുപാളികളാക്കിയത്. വാസുവിന്റെ ശുപാർശയോടെ ഫയലെത്തിയതോടെ യാതൊരു പരിശോധനയുമില്ലാതെ സ്വർണപ്പാളി പോറ്റിക്ക് കൊടുക്കാൻ തീരുമാനമെടുത്തു.

അതേസമയം, എൻ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തെ രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു.