പോസ്റ്ററും ഫ്ളക്സും ഇല്ലാതെ പ്രചരണം; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി റോബിൻ ഗിരീഷ്

Saturday 22 November 2025 10:08 AM IST

കോട്ടയം: സ്വകാര്യ ബസിന്റെ പെർമിറ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടിയ റോബിൻ ബസുടമ ബേബി ഗിരീഷ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. കോട്ടയം മേലുകാവ് പഞ്ചായത്ത് എട്ടാം വാർഡിലാണ് റോബിൻ ഗിരീഷ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പെർമിറ്റുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ വാഹനം ഒട്ടേറെ തവണ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. വിഷയത്തിൽ സർക്കാരുമായി ഏറ്റുമുട്ടി സുപ്രീം കോടതിവരെ പോയിരുന്നു. കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന ബസുമായാണ് വിവാദമുണ്ടായത്.

പാർട്ടികളുടെ ഒന്നും പിന്തുണയില്ലാതെയാണ് ഗിരീഷ് മത്സരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരനും മത്സര രംഗത്തുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിട്ടില്ല മത്സരിക്കാനിറങ്ങിയത്. ജനങ്ങളെ സേവിക്കുക എന്ന ഒരു ഉദ്ദേശമാണ് തനിക്കുള്ളതെന്ന് ഗിരീഷ് പറയുന്നു. പോസ്റ്ററും ഫ്ളക്സും ഇല്ലാതെ വോട്ടു പിടിക്കാനാണ് ഗിരീഷിന് താല്പര്യം. ഫോൺകോളുകളും സോഷ്യൽ മീഡിയയും ധാരാളമാണെന്ന് ഗിരീഷ് പറയുന്നു.