ട്രെയിൻ യാത്രയിൽ ഇതിനായി പണം മുടക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ചിലത് അറിയണം

Saturday 22 November 2025 11:12 AM IST

പടിഞ്ഞാറെ കല്ലട: ട്രെയിനുകളിൽ വനിതാ യാത്രക്കാർക്ക് നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും യാചകരെ പൂർണ്ണമായി നിരോധിക്കുന്നതിൽ അധികൃതർ കർശന നടപടി സ്വീകരിക്കണം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർ.പി.എഫ്) സേവനം വനിതാ കമ്പാർട്ട്മെന്റ് ഉൾപ്പെടെയുള്ള ബോഗികളിൽ ഉറപ്പുവരുത്തണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

യാചകർ ഉണ്ടാക്കുന്ന ഭീഷണികൾ

  • യാചകരിൽ ഭൂരിഭാഗവും മോഷണവും ക്രിമിനൽ വാസനയുമുള്ളവരാണ്.
  • തിരക്ക് കുറഞ്ഞ ട്രെയിനുകളിൽ യാത്രക്കാർ ഇരിക്കുന്ന സീറ്റിന് അടിഭാഗത്ത് കിടന്നും ഇരുന്നും തുണികൊണ്ട് തറ ഭാഗം വൃത്തിയാക്കുന്ന യാചകരെ കാണാറുണ്ട്. ഒറ്റയ്ക്കിരിക്കുന്ന സ്ത്രീകളെ കടന്നാക്രമിക്കുവാനും, ഇവരുടെ കാലിലും ശരീരഭാഗങ്ങളിലുമുള്ള സ്വർണാഭരണങ്ങൾ കവരുവാനുമുള്ള സാദ്ധ്യത ഏറെയാണ്.

  • ഇത്തരക്കാരെ നേരിടുന്ന അവസരത്തിൽ യാത്രക്കാർക്ക് നേരെ ഇവരിൽനിന്നും പ്രത്യാക്രമണം ഉണ്ടാവുകയും ജീവഹാനി വരെ സംഭവിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്.

ഭിക്ഷാടന മാഫിയ

യാത്രക്കാരിൽ മിക്കവരും പത്തു രൂപ മുതൽ 100 രൂപ വരെ ഇവർക്ക് നൽകുന്നത് ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇടയാക്കുന്നുണ്ട്. ഇത്തരം യാചകർക്ക് പിന്നിൽ വൻ മാഫിയാ സംഘം തന്നെ നിലനിൽക്കുന്നതായി ആക്ഷേപമുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അമിത മദ്യപാനികളെയും യാചകരെയും പൂർണ്ണമായി നിരോധിക്കുവാൻ റെയിൽവേ സുരക്ഷാസേന ശക്തമായ നടപടി സ്വീകരിക്കണം. കൂടാതെ, സ്ത്രീ സുരക്ഷയുടെ ഭാഗമായി, വനിതാ കമ്പാർട്ട്‌മെന്റുകളിൽ പൊലീസിന്റെ സേവനം രാപ്പകൽ ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.- സജീവ് പരിശവിള, റെയിൽവേ പാസഞ്ചേഴ്സ് അസോ. പ്രസിഡന്റ്.