സമ്പാദിക്കുന്നത് ഒന്നര ലക്ഷം,​ പക്ഷെ കൈയിൽ കിട്ടുന്നത് ഇത്ര മാത്രം; വൈറലായി പ്രവാസിയുടെ വീഡിയോ

Saturday 22 November 2025 3:34 PM IST

ടോക്കിയോ: വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചും അവിടുത്തെ സ്വപ്ന ജീവിതത്തെക്കുറിച്ചുമുള്ള പൊതുവായ ധാരണകൾ തിരുത്തുന്ന പ്രവാസിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിദേശത്ത് ജോലിയുള്ളവർ ഭാഗ്യവന്മാരാണ് എന്ന ചിന്താഗതി നിലനിൽക്കുമ്പോഴാണ് യുവാവിന്റെ വീഡിയോ ചർച്ചയാകുന്നത്.

ജപ്പാനിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്യുന്ന വിക്കി കുമാറാണ് തന്റെ അടിസ്ഥാന ശമ്പളം ഒന്നരലക്ഷം (235,000 യെൻ)​ ആണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ആവശ്യമില്ലാത്ത കുറേ പെനാൽറ്റികൾക്ക് ശേഷം ആകെ കൈയിൽ ലഭിക്കുന്നത് വെറും ഒരു ലക്ഷം രൂപയാണെന്നും (175,000 യെൻ)​ യുവാവ് വീഡിയോയിലൂടെ പറയുന്നു.

കൂടാതെ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ജപ്പാനിൽ ഈ മാസത്തെ ശമ്പളം അടുത്ത മാസം അവസാനമാണ് ലഭിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്. ഉയർന്ന ജീവിതച്ചെലവുള്ള ജപ്പാനിൽ മാന്യമായ ജീവിതം നയിക്കാൻ ഒരു ലക്ഷം രൂപ (175,000 യെൻ) മതിയാകുമോ എന്നും യുവാവ് ചോദിക്കുന്നു. യുവാവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

'കഴിവുള്ള ഇന്ത്യൻ എഞ്ചിനീയർമാർക്ക് ഇതിന്റെ നാലിരട്ടി ശമ്പളം ജപ്പാനിൽ കിട്ടുന്നുണ്ട്. നിങ്ങൾ കമ്പനി മാറാൻ ശ്രമിക്കണം ഒരാൾ അഭിപ്രായപ്പെട്ടു. ഇത് പൂർണ്ണമായും ശരിയല്ല. 'പെനാൽറ്റികളെന്ന് പറയുന്നത് നികുതിയോ സോഷ്യൽ ഇൻഷുറൻസ് പ്രീമിയങ്ങളോ പോലുള്ള കിഴിവുകളാകാനാണ് സാദ്ധ്യത. ഓവർടൈം അലവൻസുകൾ മാത്രമാണ് അടുത്ത മാസം നൽകുന്നത്. ചിലവ് കൂടുന്നത് ഒരാളുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കും.' മറ്റൊരാൾ കുറിച്ചു. 'നല്ല ശമ്പളമുണ്ടെങ്കിലും ജപ്പാനിലെ ഉയർന്ന ജീവിതച്ചെലവ് വെട്ടിലാക്കും. വിദേശ ജോലിയെന്നു പറയുമ്പോൾ ഭയങ്കര സമ്പാദ്യമുണ്ടെന്നായിരിക്കും പലരുടെയും ധാരണ എന്നാൽ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്' മറ്റൊരു കമന്റിൽ ഒരാൾ പറഞ്ഞു.