പെർത്തിൽ ഇംഗ്ലണ്ട് ചാരം; ഒന്നാം ആഷസ് ടെസ്റ്റിൽ രണ്ടാം ദിനം ഓസീസിന് വമ്പൻ ജയം
പെർത്ത്: ഒന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയയ്യ്ക്ക് ത്രസിപ്പിക്കുന്ന വിജയം. രണ്ടാം ദിനം മൂന്നാം സെഷനിൽ തന്നെ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് ഓസീസ് തോൽപ്പിച്ചു. 205 റൺസ് വിജയ ലക്ഷ്യം 28.2 ഓവറിലാണ് ഓസീസ് മറികടന്നത്. ട്രാവിസ് ഹെഡിന്റെ ഉജ്ജ്വലമായ സെഞ്ച്വറിയാണ് ടീമിന് വഴിത്തിരിവായത്. 83 പന്തിൽ 123 റൺസാണ് ഹെഡ് നേടിയത്. ആഷസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമാണ് ട്രാവിസ് ഹെഡിലൂടെ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസീസ് ജയിച്ചിരിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് അവസാനിച്ച ഒരു ടെസ്റ്റ് മത്സരമാണ് പെർത്തിൽ നടന്നത്. തുടക്കം മുതൽ ബൗളർമാർ നിറഞ്ഞാടിയ മത്സരം കൂടിയായിരുന്നു ആദ്യ ടെസ്റ്റ്. 200ലധികം വിജയലക്ഷ്യം ഓസീസിനെതിരെ ഇംഗ്ലണ്ട് ഉയർത്തിയ സമയത്ത് വളരെ കഠിനമായ ലക്ഷ്യമായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഓപ്പണിംഗിലേക്ക് എത്തിയ ട്രാവിസ് ഹെഡ് 83 പന്തിൽ 123 റൺസെടുത്ത് അവിശ്വസനീയമായ പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് വിജയക്കൊടി പാറിച്ചു. 83 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 16 ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കം അടിച്ചുകൂട്ടിയാണ് സെഞ്ച്വറി തികച്ചത്.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് മത്സരത്തിലെ മറ്റൊരു താരം. ആദ്യ ഇന്നിംഗ്സിൽ 58 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് എന്ന ഒപ്റ്റസ് സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് സ്റ്റാർക്ക് കാഴ്ചവച്ചത്. രണ്ടാം ഇന്നിംഗ്സിലും തകർപ്പൻ പ്രകടനം തുടർന്നു. സാക്ക് ക്രോളിയെ ഡക്കിലൂടെ പുറത്താക്കിയാണ് സ്റ്റാർക്കിന്റെ ബൗളിംഗ് ആക്രമണം ആരംഭിച്ചത്. അതിനു പിന്നാലെ ജോ റൂട്ട്, ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് എന്നിവരുടെയും നിർണായക വിക്കറ്റുകൾ വീഴ്ത്തി.മത്സരത്തിൽ സ്റ്റാർക്ക് ആകെ 10 വിക്കറ്റുകളാണ് നേടിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് ഓസ്ട്രേലിയ മുന്നിലാണ്. രണ്ടാം ടെസ്റ്റ് ഡിസംബർ രണ്ടിന് ബ്രിസ്ബേനിലെ ഗാബയിലാണ് നടക്കുന്നത്.