14.38 കോടി എങ്ങനെ 64.14 കോടിയായി: അൻവറിന് വിശദീകരണം നൽകാനായില്ലെന്ന് ഇഡി

Saturday 22 November 2025 4:39 PM IST

കൊച്ചി:മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്‌ഡുമായി ബന്ധപ്പെട്ട് വാർത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളിൽ വിവിധ ലോണുകൾ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും വാർത്താകുറിപ്പിൽ പറയുന്നു. ഇന്നലെ രാവിലെ ഏഴോടെ സിആർപിഎഫ് സംരക്ഷണത്തോടെ എത്തിയ കൊച്ചി, കോഴിക്കോട് സംയുക്ത സംഘത്തിന്റെ പരിശോധന രാത്രി വരെ നീണ്ടു.

അൻവർ ലോണെടുത്ത തുക വകമാ​റ്റിയതായി സംശയിക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിൽ ഇഡി പറയുന്നത്. അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും പരിശോധിക്കുകയാണ്. മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റയും പേരിലാണ് സ്ഥാപനം. അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് ലോണെടുത്ത തുക വകമാ​റ്റിയതായും 2016 ലെ 14.38 കോടി സ്വത്ത്, 2021ൽ 64.14 കോടിയായി വർദ്ധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും ഇഡി വ്യക്തമാക്കുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥർക്ക് വീഴ്ചയും പിഴവും ഉണ്ടായിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.

15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പിവി അൻവറിന്റെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജി​റ്റൽ തെളിവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിവിആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചതെന്നും ഈ നിർമ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും കണ്ടെത്തി.

കെഎഫ്സി മലപ്പുറം ബ്രാഞ്ചിൽ നിന്ന് മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കെഎഫ്സി മലപ്പുറം ചീഫ് മാനേജർ സി. അബ്ദുൽമനാഫ്, ഡെപ്യൂട്ടി മാനേജർ ടി.മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ പി. മുനീർ അഹമ്മദ്, പി.വി. അൻവർ, സിയാദ് എന്നിവർക്കെതിരെ ജൂലായ് 29ന് വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ടീം കേസെടുത്തിരുന്നു. തുടർന്ന് അൻവറിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു. പിന്നാലെയാണ് ഇ.ഡി കൊച്ചി സോണൽ ഓഫീസും കേസെടുത്തത്.