ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; വിക്കറ്റ് വേട്ടയുമായി കുൽദീപ് യാദവ്, പ്രോട്ടീസിന് തകർച്ച

Saturday 22 November 2025 5:09 PM IST

ഗോഹട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യക്ക് മേൽക്കൈ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകി സഹായിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള അവസാന സെഷനിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് നാല് നിർണ്ണായക വിക്കറ്റുകൾ നഷ്ടമായത്.

38 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന ഏയ്ഡൻ മാർക്രത്തെ ബൗൾഡാക്കിക്കൊണ്ടാണ് ബുമ്ര ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. രവീന്ദ്ര ജഡേജ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബൗമയെ (41) യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചതോടെയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നീട് കുൽദീപ് യാദവ് രണ്ട് പ്രധാന വിക്കറ്റുകൾ കൂടി വീഴ്ത്തി പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി. അർദ്ധ സെഞ്ച്വറിക്ക് ഒരു റൺ അകലെയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്സിനെയും (49) കുൽദീപാണ് പുറത്താക്കിയത്. പിന്നാലെ വിയാൻ മൾഡറിനെയും (13) താരം കൂടാരം കയറ്റി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏയ്ഡൻ മാർക്രവും റിയാൻ റിക്കിൾടണും തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. മാർക്രം ക്രീസിലെത്തിയ ഉടൻ തന്നെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ സ്ലിപ്പിൽ രാഹുൽ ഒരു ക്യാച്ച് കൈവിട്ടത് ഇന്ത്യയുടെ പതർച്ചയ്ക്ക് കാരണമായി. എന്നാൽ, ഇന്ത്യൻ ബൗളിങ്ങിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര തന്നെ ആദ്യദിനം ചായക്ക് തൊട്ടുമുമ്പുള്ള ഓവറിൽ ബ്രേക്ക് ത്രൂ നൽകുകയായിരുന്നു.

ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിക്കുന്നത്. ടോണി ഡി സോസിയുടെ (28) വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇതും ദക്ഷിണാഫ്രിക്കയ്ക്കയെ പ്രതിരോധത്തിലാക്കി. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സെനുരൻ മുത്തുസാമി 25 റൺസോടെയും കൈൽ വെറെയ്‌നെ റൺസൊന്നുമില്ലാതെയും ക്രീസിലുണ്ട്.