കല്യാണനാളിലെ അപകടം; ആവണിയ്ക്ക് സൗജന്യ ചികിത്സ, വിവാഹസമ്മാനവുമായി ആശുപത്രി

Saturday 22 November 2025 5:17 PM IST

കൊച്ചി: ആലപ്പുഴയിൽ വിവാഹദിനത്തിൽ സംഭവിച്ച കാറപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ചികിത്സ സൗജന്യമാക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആവണിക്കും വരൻ ഷാരോണിനുമുളള വിവാഹസമ്മാനമായാണ് ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കിയത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അടങ്ങുന്ന സംഘം ആവണിയെയും കുടുംബത്തെയും സന്ദർശിച്ചു.

അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ ഇന്ന് ഉച്ചയോടെയാണ് വിജയകരമായി പൂർത്തിയായത്. ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പരിക്കിന്റെ സ്വഭാവമടക്കം വിശദീകരിച്ചുകൊണ്ടുള്ള വിശദമായ മെഡിക്കൽ റിപ്പോർട്ട് പിന്നീട് പുറത്തുവിടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 9.45 ഓടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ആവണി സർജിക്കൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നില മെച്ചപ്പെടുന്നതിനനുസരിച്ച് ഇവിടെ നിന്ന് മാറ്റും.

ഇന്നലെ പുലർച്ചെ 1.30നാണ് മേക്കപ്പിടാൻ ബന്ധു അനന്ദു, അച്ഛന്റെ സഹോദരി ജയ്‌നമ്മ എന്നിവർക്കൊപ്പം ആവണി കുമരകത്തേക്ക് പുറപ്പെട്ടത്. ചേർത്തല- കുമരകം റോഡിൽ പള്ളിച്ചിറ ചൂളപ്പാലത്തിന് സമീപം വെളുപ്പിന് മൂന്നിന് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ആവണിയുടെ നട്ടെല്ലിനും കൈക്കും പരിക്കേറ്റു. ഒടിഞ്ഞ കൈക്ക് പ്ളാസ്റ്ററിട്ടു. പരിക്കേറ്റ മൂവരെയും ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആവണിയെ പിന്നീട് ലേക്‌ഷോറിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12.15നും 12.25നും മദ്ധ്യേ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കൊമ്മാടി മുത്തലശേരി വീട്ടിൽ ജഗദീഷിന്റെയും ജ്യോതിയുടെയും മകളാണ് ആവണി. തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ - രശ്മി ദമ്പതികളുടെ മകനാണ് ഷാരോൺ. വരൻ ചേർത്തല കെ.വി.എം എൻജിനിയറിംഗ് കോളേജിൽ അസി.പ്രൊഫസർ. വധു ചേർത്തല ബിഷപ്പ്മൂർ സ്കൂളിലെ അദ്ധ്യാപികയുമാണ്.

അപ്രതീക്ഷിതമായി അപകടം സംഭവിച്ചെങ്കിലും ഷാരോൺ ആശുപത്രിയിൽ വച്ച് ആവണിയെ വിവാഹം കഴിക്കുകയായിരുന്നു. നിശ്ചയിച്ച മുഹൂർത്തത്തിലായിരുന്നു വിവാഹം. ആശുപത്രി വിവാഹവേദിയാക്കാൻ തീരുമാനിച്ചെങ്കിലും ആവണിയുടെയും ഷാരോണിന്റെയും ബന്ധുമിത്രാദികൾ ഓഡിറ്റോറിയത്തിലെത്തി. മുഹൂർത്തസമയം, കതിർമണ്ഡപത്തിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ ദൈവദശകം ചൊല്ലി. തുടർന്ന് സദ്യവിളമ്പി. വിവാഹത്തലേന്ന് സൽക്കാരത്തിൽ വധൂവരന്മാർ ഒരുമിച്ച് പങ്കെടുത്തിരുന്നു.