എ.സി റിപ്പയർ ചെയ്തില്ല, ഗോദ്‌റെജ് കമ്പനി നഷ്ടപരിഹാരം നൽകണം

Sunday 23 November 2025 1:52 AM IST
എ.സി കംപ്രസർ

​കൊച്ചി: വാറന്റി കാലയളവിൽ തകരാറിലായ എ.സി കംപ്രസർ സൗജന്യമായി മാറ്റിസ്ഥാപിച്ചു നൽകുന്നതിനുപകരം 15,000രൂപ കൂടുതൽ നൽകി പുതിയ എയർകണ്ടീഷണർ വാങ്ങാൻ നിർബന്ധിച്ച കമ്പനി നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി വിധി.

​വല്ലാർപ്പാടം സ്വദേശി സി.ആർ. സുദർശനൻ 2018ൽ വാങ്ങിയ ഗോദ്‌റേജ് കമ്പനിയുടെ എയർ കണ്ടീഷണറിന് ഏഴ് വർഷമായിരുന്നു കംപ്രസർ വാറന്റി. 2024 മാർച്ചിലാണ് പരാതിയുമായി കമ്പനിയെ സമീപിച്ചത്. കംപ്രസറിന് പൂർണമായും തകരാറുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും പുതിയ കംപ്രസർ ലഭ്യമല്ലെന്ന് പറഞ്ഞ് വാറന്റി നിഷേധിച്ചു. 15,000 രൂപ നൽകിയാൽ പുതിയ എയർ കണ്ടീഷണർ പകരം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഈ നടപടി നിയമപരമായി ന്യായീകരിക്കാൻ കഴിയില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായുള്ള ബെഞ്ച് നിരീക്ഷിച്ചു. അന്യായ വ്യാപാരരീതിയും സേവനത്തിലെ ന്യൂനതയുമാണ്. തകരാറി​ലായ കംപ്രസർ 30 ദിവസത്തിനകം സൗജന്യമായി മാറ്റിസ്ഥാപിക്കണം. 12 മാസത്തെ പുതിയ വാറന്റിയും നൽകണം. സമയപരിധിക്കുള്ളിൽ റിപ്പയർ ചെയ്തില്ലെങ്കിൽ 15 ദിവസത്തിനകം പുതിയ എ.സി നൽകുകയോ വില 9ശതമാനം പലിശസഹിതം തിരികെ നൽകുകയോ ചെയ്യണം. മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും ഉത്തരവിലുണ്ട്.