എന്ത് കൊണ്ട് നാടകം

Sunday 23 November 2025 6:45 AM IST

നാടകത്തിൽ അഭിനയിക്കാൻ യുവ താരങ്ങൾ സമയം കണ്ടെത്തുന്ന പശ്ചാത്തലത്തിൽ സുരഭി ലക്ഷ്മി സംസാരിക്കുന്നു

അരങ്ങിൽ നിറഞ്ഞാടുകയാണ് യുവതലമുറയിലെ സിനിമ താരങ്ങൾ.

നടൻ റോഷൻ മാത്യു സംവിധാനം ചെയ്ത ' ബൈ ബൈ ബൈപ്പാസ്' നാടകത്തിൽ ദർശന രാജേന്ദ്രൻ, ശാന്തി ബാലചന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, അശ്വതി മനോഹരൻ, നിൽജ ബേബി, വൈശാഖ് ശങ്കർ തുടങ്ങിയവർ അഭിനയിക്കുന്നു.ചലച്ചിത്ര സംവിധായകൻ കൂടി ആയ പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന 'ഹാൻഡ് ഒഫ് ഗോഡ് 'നാടകവുമായി അനഘ നാരായണൻ, ശ്രുതി രാമചന്ദ്രൻ, ജിയോ ബേബി തുടങ്ങിയവർ അരങ്ങിൽ എത്തുന്നു.ഒൻപതു വർഷത്തിനുശേഷം സുരഭി ലക്ഷ്മി അഭിനയിക്കുന്ന 'ബോംബെ ടെയ്ലേഴ്സ്' നാടകം നവംബർ 24, 25 തീയതികളിൽ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറും. മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാഡമി പുരസ്കാരം നേടി തന്ന നാടകം വീണ്ടും അവതരിപ്പിക്കാൻ പോകുന്നതിന്റെ നിറആഹ്ളാദത്തിൽ സുരഭി ലക്ഷ്മി സംസാരിച്ചു.

ഒൻപതു വർഷത്തിനുശേഷം വീണ്ടും അരങ്ങിൽ ?

വീണ്ടും അരങ്ങിൽ എത്തുമ്പോൾ അന്നത്തെ ഓർമ്മയും സന്തോഷവും കൂട്ടായ്മയും തിരികെ പിടിക്കാൻ നല്ല നാടക കാലത്തിന്റെ ഓർമ്മയിലേക്ക് പോകുന്നതിന്റെ സന്തോഷം വളരെ വലുതാണ് .ബോംബെ ടെയ്ലേഴ്സ് ഒരു തുന്നൽക്കാരന്റെ ജീവിതകഥയാണ്. 1960 മുതൽ 2025 വരെ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു. ഒരു കോസ്റ്റ്യൂ ഡ്രാമ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പീരുഭായ് എന്ന തുന്നൽക്കാരന്റെ ഭാര്യ മുത്തുമൊഴി എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്.

കാവലി എന്ന ഗ്രാമത്തിൽ നടക്കുന്ന കഥ. കെ. വിനോദ് കുമാർ ആണ് രചനയും സംവിധാനവും. കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ തിയേറ്റർ വിഭാഗം അദ്ധ്യാപകനും നാടകപ്രവർത്തകനും എഴുത്തുകാരനുമാണ്. എന്റെയും ദിലീഷ് പോത്തന്റെയും അദ്ധ്യാപകൻ ആണ് വിനോദ് മാഷ്. രണ്ടുമാസം മുൻപ് ദുബായിൽ മാജിക് ഇഫ് വർക് ഷോപ്പിന്റെ ഭാഗമായി അവിടത്തെ 52 നാടക പ്രവർത്തകരുമായി ചേർത്ത് ബോംബെ ടെയ്ലേഴ്സ് അവതരിപ്പിച്ചു.

2017 ൽ മികച്ച നടിക്കുള്ള സംഗീത നാടക അക്കാഡമി അവാർഡ് സമ്മാനിച്ച നാടകം ആണ് ബോംബെ ടെയ്ലേഴ്സ് . ആ വർഷംതന്നെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചു.

യുവ താരങ്ങൾ ഇപ്പോൾ കൂടുതലായി നാടകത്തിന്റെ ഭാഗമാകുന്നു ?

തീർച്ചയായിട്ടും. നാടകത്തോടുള്ള ഇഷ്ടം കൊണ്ടും അഭിനയം പുതുക്കണമെന്ന തോന്നലും കാരണമാണ്. നാടകത്തിലും,​ സിനിമയിൽ മാത്രം അഭിനയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഒരുപക്ഷേ അതിനെപ്പറ്റി ആഴത്തിൽ അറിയാൻ ശ്രമിക്കുന്നവർ തിരിച്ചറിയുകയും അഭിനയകലയെ പരിപോഷിപ്പിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നതുകൊണ്ടാകാം കൂടുതൽ പേർ എത്തുന്നത്. എന്നാൽ ഞാൻ നേരേ തിരിച്ച് നാടകത്തിൽനിന്ന് സിനിമയിലേക്ക് വന്ന ആളാണ്. നാടകം കാണാത്ത സിനിമ താരങ്ങളുണ്ട്. അവർ നാടകം കാണാനും അഭിനയിക്കാനും ശ്രമിക്കുന്നത് ആ കലയെ ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം. ഇൗ ഒരു അഭിനയം എന്ന തൊഴിൽ കൃത്യമായി പഠിച്ചു ചെയ്യണമെന്ന ബോദ്ധ്യം ഉള്ള ആളുകൾ ആണ് നാടക ക്യാമ്പിലും അരങ്ങിലും എത്തുന്നത്. അവരുടെ പരിമിതികളെയും സാദ്ധ്യതകളെയും തിരിച്ചറിയാൻ നാടകത്തിലൂടെ കഴിയും. സ്റ്റേജ് ലൈവ് പെർഫോമൻസ് നിസാരമായി ചെയ്യാൻ കഴിയുന്ന ജോലിയല്ല. അതിന് ഒരു നടനെയോ നടിയെയോ പ്രാപ്തരാക്കുക എന്നത് അത്രയേറെ മുൻപോട്ട് പോകേണ്ട കാര്യം ആണ് . ആ കഴിവ് ആർജ്ജിച്ച് എടുക്കാൻ വേണ്ടി കൂടിയാകണം, കൂടുതൽ താരങ്ങൾ നാടകത്തിൽ വരുന്നത് . ഇതെല്ലാം കാണുമ്പോൾ നാടക പ്രവർത്തക എന്ന നിലയിൽ സന്തോഷം തരുന്നു.

താരങ്ങൾ അഭിനയിക്കുമ്പോൾ പ്രചാരം വർദ്ധിക്കുന്നുണ്ടല്ലേ ?

സിനിമയിലെ അവരുടെ പ്രശസ്തി തീർച്ചയായും സഹായിക്കും. നാടകം കാണാൻ എത്തുന്നവരെ സ്വാധീനിക്കുക തന്നെ ചെയ്യും. ബിഗ് സ്ക്രീനിൽ കണ്ട നടീനടൻമാർ ലൈവ് പെർഫോമൻസ് ചെയ്യുന്നത് കാണാൻ ആളുകൾക്ക് ഇഷ്ടമായിരിക്കും. അതെല്ലാം പ്രചാരം വർദ്ധിപ്പിക്കുമെന്നാണ് എന്റെ അഭിപ്രായം.

നാടക സംവിധാനം സുരഭിലക്ഷ്മി. എപ്പോഴായിരിക്കും അത് ?

ഇപ്പോൾ തത്കാലം സഹസംവിധാനം സുരഭി ലക്ഷ്മി എന്ന് വായിക്കാം. ബോംബെ ടെയ്ലേഴ്സിന്റെ സഹസംവിധായിക കൂടിയാണ്. കുറച്ചുകൂടി കഴിയുമ്പോൾ സംവിധാനത്തെപ്പറ്റി ആലോചിക്കാം. പടിപടിയായി പോകുന്നതല്ലേ നല്ലത്.