ശ്രീനിജയ്ക്കും ബിജുവിനും വോട്ടുകാര്യം വീട്ടുകാര്യം
കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കെ.പി ബിജുവിനും ഭാര്യ ശ്രീനിജയ്ക്കും ഇപ്പോൾ വീട്ടുകാര്യം പോലെ തന്നെയായി വോട്ടുകാ ര്യവും. വീട്ടുജോലിയെല്ലാം തീർത്ത് അതിരാവിലെ ഇരുവരും ഇറങ്ങും. പിന്നെ നേരമിരുട്ടും വരെ വോട്ടർമാരെ കാണലും രാഷ്ട്രീയ ചർച്ചകളും. വീട്ടിലെത്തിയാലും കൂട്ടലും കിഴിക്കലുമായി വിജയം ഉറപ്പിക്കുന്ന ചർച്ചയാണ് കൂടുതലും നടക്കുന്നതെന്ന് ഇരുവരും പറയുന്നു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ യു.ഡി. എഫ് സ്ഥാനാർത്ഥികളാണ് ഈ ദമ്പതികൾ. കെ.പി. ബിജു മുട്ടുനട വാർഡിലും ശ്രീനിജ കോവുക്കുന്ന് വാർഡിലുമാണ് മത്സരിക്കുന്നത്. ബിജു നിലവിൽ കായക്കൊടി ഗ്രാമപഞ്ചായത്തിലെ കൂട്ടൂർ വാർഡ് അംഗമാണ്. ശ്രീനിജ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും. കായക്കൊടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ ബിജു സ്ഥാനം കൈമാറിയാണ് മത്സരരംഗത്ത് ഇറങ്ങിയത്. ശ്രീനിജ മഹിളാ കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് ഭാരവാഹിയാണ്.