സത്യൻ മൊകേരിയുമായി മുഖാമുഖ 'കോൺഗ്രസ് കുറേക്കൂടി പൊളിറ്റിക്കൽ ആകണം'

Sunday 23 November 2025 12:17 AM IST

യുവജന സമരങ്ങൾക്ക് നായകത്വം വഹിച്ച് സി.പി.ഐയുടെ നേതൃനിരയിലേക്ക് വളർന്ന നേതാവാണ് സത്യൻ മൊകേരി. നിയമസഭയിൽമൂന്നുതവണ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച സത്യൻ, ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സി.പി.ഐയുടെ അസിസ്റ്റന്റ് സെക്രട്ടറി പദവിയിലെത്തിയിട്ട് രണ്ടുമാസം പോലുമായിട്ടില്ല. കേരളത്തിൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് സൗമ്യസാന്നിദ്ധ്യമായി നില്ക്കുന്ന സത്യൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയിലെ ഉത്തരവാദിത്വങ്ങൾ.

 എനിക്കിത് പുതിയ ചുമതലയല്ല- അന്തരിച്ച കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഈ ചുമതല വഹിച്ചിട്ടുണ്ട്. 25-ാം പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ 'ഗുഡ് വിൽ" ഉള്ള പാർട്ടിയാണ് സി.പി.ഐ. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയാർജ്ജിച്ച് പാർട്ടിയെ കൂടുതൽ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആരംഭിച്ചിട്ടുണ്ട്.

? മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ പറയുമ്പോഴും മതേതര പാർട്ടിയായ കോൺഗ്രസും സി.പി.ഐയും കേരളത്തിൽ രണ്ട് ധ്രുവങ്ങളിലാണല്ലോ.

 പരിപാടികൾക്ക് അനുസൃതമായ ഐക്യമാണ് വേണ്ടത്. പക്ഷെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നിലപാട് വർഗീയ ശക്തികൾക്ക് ഗുണകരമാണ്. കോൺഗ്രസിന് പൊതു നിലപാടല്ല. സ്ഥാനാർത്ഥികൾ വേണം, എല്ലാം അവരുടെ കൈയിലേക്കു വരണം എന്ന നിലപാടാണ്. അല്ലെങ്കിൽ സി.പി.ഐ മത്സരിച്ചുകൊണ്ടിരിക്കുന്ന വയനാട്ടിൽ രാഹുലിനെയും പ്രിയങ്കയെയുമൊക്കെ നിറുത്തേണ്ട കാര്യമുണ്ടോ. അവർ മത്സരിച്ചോട്ടെ, പക്ഷെ ദേശീയ നേതാക്കൾ വരേണ്ടതുണ്ടോ?​ ആ നിലപാട് മാറണം. കോൺഗ്രസ് കുറച്ചുകൂടി പൊളിറ്റിക്കൽ ആവണം. ഒറ്റയ്ക്ക് ഫൈറ്റ് ഗുണകരമല്ലെന്ന് തെളിഞ്ഞതാണ്.

? തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചില സ്ഥലങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായല്ലോ.

 ഇടതുമുന്നണി താഴെത്തട്ട് മുതൽ തന്നെ യോജിച്ച് മുന്നോട്ടു പോവുകയാണ്. ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ സ്വാഭാവികമായും വരും. ആത്യന്തികമായി സി.പി.ഐയും സി.പി.എമ്മും രണ്ട് പാർട്ടികളാണല്ലോ,

? പി.എം.ശ്രീ , ലോകായുക്ത വിഷയങ്ങളിലെ ഭിന്നത.

 ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതയുമൊക്കെ വരാം. എന്നാൽ യോജിച്ച പ്രവർത്തനങ്ങൾക്ക് തടസമാവാത്ത വിധം വിഷയങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് പ്രധാനം. കേന്ദ്രത്തിന്റെ പല പദ്ധതികളും അവരുടെ അജണ്ട നടപ്പാക്കൽ കൂടിയാണ്. അതിൽ ശ്രദ്ധയോടെയുള്ള പരിശോധന ഉണ്ടാവണം. ഓരോ കേന്ദ്ര സ്കീമുകൾ വരുമ്പോഴും. പണം മാത്രമല്ല, കേരളത്തിന്റെ ഉന്നതിക്ക് ഗുണകരമാകുമോ എന്നു കൂടി പരിശോധിക്കണം. കഴിയുന്നിടത്തൊക്കെ പ്രതിരോധിക്കണം.

? സംസ്ഥാന സർക്കാർ മൂന്നാം ഭരണമെന്ന ലക്ഷ്യത്തിലാണല്ലോ.

ജനങ്ങൾക്ക് പൊതുവെ അനുകൂല മൂഡ് ആണ്. ചില പോരായ്മകൾ ഉണ്ടെങ്കിലും മികച്ച പ്രവർത്തനമാണ് കഴിഞ്ഞ സർക്കാർ കാഴ്ചവച്ചത്. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരണമെന്ന മനോഭാവം പൊതുവെ ശക്തമാണ്.

? സമുദായ സംഘടനകളുമായും സർക്കാർ അടുക്കുകയാണല്ലോ.

 സർക്കാർ നിലപാടുകളോട് ഏതെങ്കിലും സംഘടനകൾ യോജിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്ന് പറയേണ്ടതില്ലല്ലോ. അത് ആ സംഘടനകൾ തീരുമാനിക്കുന്നതല്ലേ! ചില സംഘടനകൾ പണ്ട് ഇടതുപക്ഷത്തെ എതിർത്തിട്ടുണ്ട്. പക്ഷെ അവർ ഇപ്പോൾ ആ നിലപാട് മാറ്റി സഹകരണത്തിലേക്ക് വന്നിട്ടുണ്ട്. അതിനെ തള്ളിക്കളയേണ്ടതില്ലല്ലോ.

? സി.പി.ഐയിലെ കൊഴിഞ്ഞു പോക്ക്.

 അധികവും പെരുപ്പിച്ചുകാട്ടുന്ന വാർത്തകളാണ്. പാർട്ടിക്ക് ഭരണഘടനയും സംഘടനാ തത്വങ്ങളുമുണ്ട്. മൗലിക പ്രവർത്തനത്തിന് ചില ചിട്ടകളുണ്ട്. അത് പാലിച്ചു പോകണം.അതിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചില നടപടികൾ വരും. അതിന്റെ ഭാഗമാണ് ഒഴിഞ്ഞുപോകൽ.

? സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനം.

 വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളായി വന്നിട്ടുള്ളവരാണ് അവരെല്ലാം. നല്ല കമ്യൂണിസ്റ്റുകളുമാണ്. ഏല്പിച്ച ജോലികൾ നന്നായി ഗൃഹപാഠം ചെയ്ത് ആത്മാർത്ഥമായി മുന്നോട്ടു കൊണ്ടുപോകുന്നു.

? പാർട്ടി ചുമതലകൾക്ക് പ്രായപരിധി നിശ്ചയിച്ചതിൽ പലർക്കും വിഷമമുണ്ടല്ലോ.

 പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്നതാണ് പൊതുവിലുള്ള രീതി. ചിലർക്ക് ചില്ലറ വിഷമങ്ങൾ തോന്നിയേക്കാം. പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് അതൊക്കെ മനസിലാക്കി പോകണം.

? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണായക ശക്തിയാവുമോ.

 വലിയ രാഷ്ട്രീയ മാറ്റമൊന്നും വരുത്താൻ അവർക്ക് സാധിക്കില്ല. നേമത്ത് അവർ ജയിച്ചു, പക്ഷെ പിന്നീട് ജയിക്കാനായോ?​ പ്രത്യേക സാഹചര്യത്തിലുണ്ടായ ജയമാണ് അത്. തൃശൂരിൽ ഉണ്ടായതും സാന്ദർഭികമായ വിജയമാണ്. അല്ലാതെ രാഷ്ട്രീയ മാറ്റമല്ല.