കോർപ്പറേഷനിൽ തീപാറും അങ്കം
ഒന്നാംഘട്ടത്തിൽ തന്നെ എൽ.ഡി.എഫ് വിജയം ഉറപ്പിച്ചു: എളമരം കരീം
കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ തന്നെ എൽ.ഡി.എഫ് ഉജ്വലവിജയം ഉറപ്പിച്ചതായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. കോഴിക്കോട് കോർപ്പറേഷൻ എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തല അവതരിപ്പിച്ച ആളിന് വോട്ടർപട്ടികയിൽ പേരില്ലെന്ന് അറിഞ്ഞതോടെ ഇവരാകെ നാണം കെട്ടു. സിനിമ സംവിധായകനായ വി.എം വിനുവിനെ പോലുള്ള ഒരാളെ തിരഞ്ഞെടുപ്പ് രംഗത്ത് കൊണ്ടുവന്ന് അപമാനിക്കുകയായിരുന്നു യു.ഡി.എഫ്.
ലോക്സഭയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടിക രണ്ടും രണ്ടാണെന്ന പ്രാഥമിക കാര്യം പോലും അറിയാത്തവരാണോ നഗരം ഭരിക്കുക. സംസ്ഥാനത്ത് ഒമ്പതര വർഷമായി തുടരുന്ന വികസനവും ക്ഷേമവും തുടരണമോ എന്നതിന്റെ വിധിയെഴുത്താവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പി.നിഖിൽ അദ്ധ്യക്ഷത വഹിച്ചു. രാജിവെച്ച മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗവും സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ സെക്രട്ടറിയുമായ യു പോക്കർ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.വി ബാബുരാജ്, മുസ്ലീംലീഗ് നേതാവ് സലാം വെള്ളയിൽ എന്നിവരെ സ്വീകരിച്ചു. സി.പി.ഐ ദേശീയ സമിതിയംഗം സത്യൻ മൊകേരി, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എൽ.ഡി.എഫ് നേതാക്കളായ പി ഗവാസ്, വി വസീഫ്, എം .പി സൂര്യനാരായണൻ, എൻ.സി മോയിൻകുട്ടി, പി.കെ നാസർ, എൻ.കെ അബ്ദുൾ അസീസ്, രജീഷ് വടക്കേടത്ത്, അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.
കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാർ: വി.ഡി സതീശൻ
കോഴിക്കോട് : കമിഴ്ന്നു വീണാൽ കാൽപണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദ േവസ്വം മാനുവൽ ലംഘിച്ചാണ് ശബരിമല ശ്രീകോവിലിന്റെ കതകും കട്ടിളപടിയും ധ്വാരപാലക വിഗ്രഹവും പുറത്തു കൊണ്ടു പോയതെന്നും കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കോടതി ഇടപ്പെട്ടില്ലായിരുന്നെങ്കിൽ സ്വർണകൊള്ള പുറത്ത് വരില്ലായിരുന്നു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് തന്റെ കൈവശമുണ്ട്. ആദ്യം പോറ്റി അപേക്ഷ നൽകിയത് കടകംപള്ളിക്കാണ്. അവിടെ നിന്നാണ് സ്വർണകൊള്ള തുടങ്ങുന്നത്. കേരളം സാമ്പത്തികമായി തകർന്നു തരിപ്പണമായി. അടുത്ത വർഷം സർക്കാർ പടിയിറങ്ങുമ്പോൾ ആറുലക്ഷം കോടി രൂപയുടെ കടമായാണ് ഇറങ്ങുന്നത്. ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. സൂചി പോലുമില്ലാത്ത മെഡിക്കൽ കോളേജുകളാക്കി കേരളത്തെ സർക്കാർ തകർത്തു. അഴിമതിയിൽ ഒന്നാം സ്ഥാനം ലഭിച്ച കോർപ്പറേഷനാണ് കോഴിക്കോടുള്ളത്. 2026ൽ യു.ഡി.എഫ് ഭരണത്തിലേറുമ്പോൾ കോഴിക്കോട് യു.ഡി.എഫ് മേയർ ഭരിക്കുന്ന കോർപ്പറേഷൻ ഉണ്ടാവണമെന്നും വി.ഡി സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കോർപ്പറേഷൻ സ്ഥാനാർത്ഥികളെ നേതാക്കൾ ചടങ്ങിൽ പരിചയപ്പെടുത്തി. എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, എം.കെ മുനീർ എം.എൽ.എ, സംവിധായകൻ വി.എം വിനു, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, എം.സി മായിൻഹാജി, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ് , സി.എൻ വിജയകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ ജയന്ത്, കെ.എം അഭിജിത്ത്, കെ.സി അബു, കെ.പി ബാബു തുടങ്ങിയവർ പങ്കെടുത്തു.