എം.എസ്.എം.ഇകൾക്ക് വിപുല സേവനമൊരുക്കി സെൻട്രൽ ബാങ്ക്

Sunday 23 November 2025 12:54 AM IST

കൊച്ചി: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കൊച്ചി റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ചെറുകിട, ഇടത്തരം സംരംഭകർക്കായി മേഖലാതല എം.എസ്.എം.ഇ ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വായ്പകൾ ലഭ്യമാക്കുന്നതിനും എം.എസ്.എം.ഇ രംഗത്തെ ഉത്പന്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എം.എസ്.എം.ഇകളെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ബാങ്കിന് ഏറെ പ്രതിബദ്ധതയുണ്ടെന്ന് കൊച്ചി റീജിയണൽ മേധാവി രാഹുൽ സിംഗാൾ പറഞ്ഞു. സെന്റ് ബിസിനസ് ലോൺ, സെന്റ് ജി.എസ്.ടി, സെന്റ് മോർട്ട്ഗേജ്, സെന്റ് ഹോട്ടൽ, സെന്റ് സഞ്ജീവനി തുടങ്ങിയ വിവിധ എം.എസ്.എം.ഇ വായ്പാ പദ്ധതികൾ ചടങ്ങിൽ സംരംഭകർക്ക് പരിചയപ്പെടുത്തി.

ഉപഭോക്തൃ കൂടിക്കാഴ്ചകൾ, ഓൺ-ദി-സ്പോട്ട് മാർഗനിർദ്ദേശം, സമർപ്പിത എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്കുകൾ എന്നിവയിലൂടെ ബിസിനസ് വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യകതകൾ, ആധുനികവൽക്കരണം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.