ആഗോള സർവകലാശാലകളുടെ പട്ടികയിൽ വി.ഐ.ടി മുൻനിരയിൽ
കൊച്ചി: ആഗോള തലത്തിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടം പിടിച്ച് വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി(വി.ഐ.ടി). ക്യു.എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ്: സസ്‌റ്റയിനബിലിറ്റി 2026ൽ ആഗോള തലത്തിൽ 352ാം സ്ഥാനവും ഇന്ത്യയിൽ ഏഴാം സ്ഥാനവുമാണ് വി.ഐ.ടി കരസ്ഥമാക്കിയത്. സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനവും വി.ഐടിക്കാണ്. പാരിസ്ഥിതിക ആഘാത വിഭാഗത്തിൽ വി.ഐ.ടിക്ക് ആഗോള തലത്തിൽ 194ാം സ്ഥാനമുണ്ട്. തുല്യത, അറിവിന്റെ കൈമാറ്റം, വിദ്യാഭ്യാസത്തിന്റെ പ്രയോജനം, തൊഴിൽക്ഷമതയും അവസരങ്ങളും, ആരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത, തുടങ്ങിയ എട്ട് മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് ക്വാക്കോറല്ലി സിമണ്ട്‌സ് ഈ പട്ടിക തയ്യാറാക്കുന്നതെന്ന് വി.ഐ.ടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു. സാമൂഹിക, പാരിസ്ഥിതിക ആഘാതം, ഗവേണൻസ് എന്നീ വിഭാഗങ്ങളിലാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മുൻവർഷത്തേക്കാൾ പട്ടികയിൽ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്താനും വി.ഐ.ടിക്ക് കഴിഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.ഐ.ടി, ഐ.ഐ.എമ്മുകൾ, ഡെൽഹി യൂണിവേഴ്‌സിറ്റി എന്നിവ മാത്രമാണ് വി.ഐ.ടിക്ക് മുകളിലുള്ളത്.